ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ പുതിയ സംവിധാനവുമായി ഗൂഗിൾ രംഗത്ത് എത്തിയിരിക്കുന്നു. അടുത്തിടെ അവതരിപ്പിച്ച സെപ്റ്റംബർ പിക്സൽ ഡ്രോപ്പിലൂടെ ജിബോർഡിൽ (Gboard) സ്കാം മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്.
സംശയാസ്പദമായ സന്ദേശങ്ങൾക്ക് മറുപടി നൽകാൻ തുടങ്ങുമ്പോൾ ജിബോർഡിന്റെ സജഷൻസ് ബാറിൽ ‘Likely scam’ അഥവാ സാധ്യതയുള്ള തട്ടിപ്പ് എന്ന മുന്നറിയിപ്പ് ദൃശ്യമാകുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. കീബോർഡിന് മുകളിലായി വരുന്ന ഈ മുന്നറിയിപ്പിൽ ടാപ്പ് ചെയ്താൽ സന്ദേശം എന്തുകൊണ്ട് സംശയാസ്പദമായി കണക്കാക്കുന്നു എന്നതിനെക്കുറിച്ചുള്ള ചെറിയൊരു വിശദീകരണം കാണാൻ സാധിക്കും.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഈ സ്കാം പ്രോസസിങ് പൂർണ്ണമായും ഫോണിൽ തന്നെയാണ് നടക്കുന്നത് എന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. സെറ്റിങ്സ് വഴി സുരക്ഷാ വിഭാഗത്തിൽ പരിശോധിച്ചാൽ ഈ ഫീച്ചർ ആക്ടീവ് ആണോ എന്ന് ഉപയോക്താക്കൾക്ക് ഉറപ്പുവരുത്താവുന്നതാണ്.
പിക്സൽ ഫോണുകളിൽ ഡിഫോൾട്ടായി ഈ ഫീച്ചർ ഓൺ ചെയ്തിട്ടുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. ചാറ്റ് നോട്ടിഫിക്കേഷനുകൾ, ഫോൺ കോളുകൾ എന്നിവയ്ക്ക് പുറമെയാണ് ഇപ്പോൾ കീബോർഡിലും സ്കാം കണ്ടെത്താനുള്ള സംവിധാനം ഗൂഗിൾ കൊണ്ടുവന്നിരിക്കുന്നത്.
നോട്ടിഫിക്കേഷൻ പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്ന സന്ദേശങ്ങളെ പോലും തടയാൻ ജിബോർഡിലെ ഈ പുതിയ ഫീച്ചറിലൂടെ സാധിക്കുന്നു. നിലവിൽ പിക്സൽ 6-ന് ശേഷമുള്ള മോഡലുകളിലാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്.
ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്നും വഞ്ചനകളിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിൽ ഈ പുതിയ സാങ്കേതികവിദ്യ വലിയൊരു മുന്നേറ്റമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

