സ്മാർട്ട്ഫോണുകൾ വഴി ഗൂഗിൾ ടിവി കൺട്രോൾ ചെയ്യാനുള്ള സൗകര്യം ഇതിനകം തന്നെ ലഭ്യമാണെങ്കിലും, വെയർ ഒഎസ് (Wear OS) ഉപയോക്താക്കൾക്കായി ഔദ്യോഗിക റിമോട്ട് ആപ്പ് ഇതുവരെ പുറത്തിറക്കാൻ ഗൂഗിളിന് സാധിച്ചിട്ടില്ല. ഈ ഒരു പോരായ്മ പരിഹരിച്ചുകൊണ്ട് ‘Remote for Android TV’ എന്ന പുതിയൊരു ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമായിരിക്കുകയാണ്.
റെഡ്ഡിറ്റ് വഴി പുറത്തുവന്ന ഈ ആപ്പ് വഴി ആൻഡ്രോയിഡ് ടിവികളുടെ പ്രധാന കൺട്രോളുകൾ ഇനി സ്മാർട്ട് വാച്ചിലൂടെ നിയന്ത്രിക്കാൻ സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പൂർണ്ണമായും സൗജന്യമായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഡെവലപ്പർമാരുടെ വിവരമനുസരിച്ച് വെയർ ഒഎസ് 3-ലും അതിനുശേഷമുള്ള പുതിയ പതിപ്പുകളിലും ഈ ആപ്പ് പ്രവർത്തിക്കും. അതുകൊണ്ടുതന്നെ പിക്സൽ വാച്ച് മോഡലുകളിലും, ഗാലക്സി വാച്ച് 4 ഉൾപ്പെടെയുള്ള പുതിയ വാച്ചുകളിലും ഇത് സുഗമമായി ഉപയോഗിക്കാൻ സാധിക്കും.
കൂടാതെ ടിക് വാച്ച് പ്രൊ 5, ഫോസിൽ ജെൻ 6, ചില വൺപ്ലസ് വാച്ചുകൾ എന്നിവയിലും ഇത് അനുയോജ്യമാണ്. ആൻഡ്രോയിഡ് ടിവി റിമോട്ട് പ്രൊട്ടോക്കോൾ v2 (Android TV Remote Protocol v2) ആണ് ഈ ആപ്പിനായി ഉപയോഗിച്ചിരിക്കുന്നത്.
ഗൂഗിൾ ടിവി റിമോട്ടിനായി ഔദ്യോഗികമായി ഉപയോഗിക്കുന്ന അതേ പ്രൊട്ടോക്കോൾ തന്നെയാണിത്. ടിവിയുമായി ആദ്യമായി കണക്റ്റ് ചെയ്യുമ്പോൾ സ്ക്രീനിൽ തെളിയുന്ന പിൻ നമ്പർ വാച്ചിൽ നൽകിക്കൊണ്ട് വളരെ എളുപ്പത്തിൽ ഇത് പെയർ ചെയ്യാൻ സാധിക്കും.
സെന്ററിൽ വലിയ ഒരു ഓകെ (OK) ബട്ടണും അതിനു ചുറ്റും മുകളിലേക്കും താഴേക്കും ഇടത്തോട്ടും വലത്തോട്ടുമുള്ള നാവിഗേഷൻ കൺട്രോളുകളും ഇതിലുണ്ട്. വെയർ ഒഎസ് ലുക്കിന് അനുയോജ്യമായ മെറ്റീരിയൽ യു ഡിസൈനിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
മുകളിലെ ബട്ടൺ ലോങ് പ്രസ് ചെയ്തു ഹോം സ്ക്രീനിലേക്ക് എത്തുവാൻ സാധിക്കും. ബ്ലൂ ഓകെ ബട്ടൺ ടാപ്പ് ചെയ്തു പിടിച്ചാൽ പ്ലേബാക്ക് കൺട്രോളുകളും വോളിയവും നിയന്ത്രിക്കാം.
ഒന്നിലധികം ടിവികൾ വീട്ടിലുള്ളവർക്കായി പ്രോ വേർഷനിൽ മൾട്ടിപ്പിൾ ടിവി സ്റ്റോറേജ് സൗകര്യവും ലഭ്യമാണ്. വാച്ചിലെ ക്രൗൺ തിരിച്ചു വോളിയം കൂട്ടാനും കുറയ്ക്കാനുമുള്ള സൗകര്യം പ്രോ വേർഷന്റെ പ്രത്യേകതയാണ്.
എൽ.ജി ഗൂഗിൾ ടിവി ബോക്സിലും പിക്സൽ വാച്ച് 3-യിലും ആപ്പ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായി ഉപയോക്താക്കൾ വ്യക്തമാക്കുന്നു. ഔദ്യോഗികമായി വെയർ ഒഎസിൽ ഇത്തരമൊരു ഫീച്ചർ ഉൾപ്പെടുത്താൻ ഗൂഗിൾ വൈകിയെങ്കിലും, ഡെവലപ്പർമാരുടെ ഈ പുതിയ ആപ്പ് സ്മാർട്ട് വാച്ച് ഉപയോക്താക്കൾക്ക് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

