തിരുവനന്തപുരം: മന്ത്രിയുടെ അറിവില്ലാതെ ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരെ പിന്തുണച്ച് എക്സൈസ് കമ്മീഷണറുടെ വിശദീകരണം. മൂന്ന് ബിയർ പാർലറുകൾക്ക് ലൈസൻസ് നൽകിയത് നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണെന്നും, സർക്കാർ ഉത്തരവ് പ്രകാരമാണ് ഇവ പുതുക്കി നൽകിയതെന്നുമാണ് എക്സൈസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുള്ളത്.
ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കമ്മീഷണർ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്.
എന്നാൽ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ബിയർ പാർലർ ലൈസൻസുള്ളവർ മദ്യവൽപ്പനയ്ക്കായി അപേക്ഷ സമർപ്പിച്ചാൽ അത് അനുവദിക്കണമെന്നാണ് നിലവിലുള്ള ഉത്തരവെന്നാണ് കമ്മീഷണറുടെ പക്ഷം.
ഇതിനിടെ, സസ്പെൻഷനിലായ എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ കഴിഞ്ഞ ദിവസം 20000 ലിറ്റർ സ്പിരിറ്റ് പിടികൂടിയ ഉദ്യോഗസ്ഥനാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേസമയം, ഉദ്യോഗസ്ഥരുടെ വിശദീകരണം തള്ളിക്കൊണ്ട് മന്ത്രി എം ലിജു രംഗത്തെത്തി.
ഉത്തരവുകളേക്കാൾ സർക്കാരിന്റെ നയങ്ങൾക്കാണ് മുൻഗണനയെന്ന് വ്യക്തമാക്കിയ മന്ത്രി, ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ചിട്ടുള്ള നിലപാടിന് തികച്ചും വിരുദ്ധമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടിയെന്നും ചൂണ്ടിക്കാണിച്ചു. കമ്മീഷണറുടെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് മന്ത്രി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

