
റിയാദ്: 2024 ലെ ലോക സംഗീത മേളയും പുരസ്കാരനിശയും റിയാദിൽ നടക്കുമെന്ന് സൗദി മ്യൂസിക് അതോറിറ്റി അറിയിച്ചു. മ്യൂസിക് സിറ്റികളുടെ മേളയാണിത്. മധ്യപൗരസ്ത്യ മേഖലയിൽ ആദ്യമായാണ് ഈ പരിപാടി നടക്കുന്നത്.
നിരവധി നഗരങ്ങളുമായി മത്സരിച്ചാണ് ഈ പരിപാടിക്ക് ആതിഥ്യമരുളാൻ റിയാദ് നഗരത്തിന് അവസരം ലഭിച്ചതെന്നും അതോറിറ്റി പറഞ്ഞു. 2024 നവംബർ 14 മുതൽ 16 വരെ റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലാണ് പരിപാടികൾ നടക്കുക.
ലോകമെമ്പാടുമുള്ള നൂറിലധികം വിദഗ്ധർ സംഗീത വ്യവസായത്തിലെ വിവിധ വിഷയങ്ങൾ പ്രദർശിപ്പിക്കും. ഒക്ടോബർ മൂന്ന് മുതൽ നവംബർ 14 വരെ ആറ് ആഴ്ച കാലയളവിൽ റിയാദിലെ സൗദി മ്യൂസിക് സെൻറർ പഠന പരിപാടികൾ സംഘടിപ്പിക്കും. പ്രാദേശിക, മേഖല തലത്തിലുള്ള 50-ലധികം പേർ അതിലുണ്ടാകും. സംഗീത നഗരങ്ങളുടെ സമ്മേളനത്തിലും അവാർഡുകളിലും സംഗീത മേഖലയെ സമ്പന്നമാക്കുന്ന നിരവധി പ്രവർത്തനങ്ങളും പരിപാടികളുമുണ്ടാകും.
ഈ വർഷത്തെ റിയാദ് സീസണ് തുടക്കം
റിയാദ്: ‘ബാറ്റിൽ ഓഫ് ദി ബാഡസ്റ്റ്’ എന്ന തലക്കെട്ടിൽ ബ്രിട്ടീഷ് ബോക്സർ ടൈസൺ ഫ്യൂറി, മുൻ ലോക ചാമ്പ്യൻ കാമറൂണിയൻ ബോക്സർ ഫ്രാൻസിസ് നഗന്നൂ എന്നിവർ ഇടിക്കൂട്ടിൽ പോരടിച്ച ബോക്സിങ് ചാമ്പ്യഷിപ്പോടെ നാലുമാസം നീളുന്ന റിയാദ് സീസൺ ആഘോഷങ്ങൾക്ക് തുടക്കം. ശനിയാഴ്ച രാത്രി റിയാദ് ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീന സ്റ്റേഡിയത്തിൽ ഒരുങ്ങിയ റിങ്ങിൽ 10 റൗണ്ട് ഏറ്റുമുട്ടി ഫ്രാൻസിസ് നഗന്നുവിനെ ഇടിച്ചിട്ട് ടൈസൺ ഫ്യൂറി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.
ശക്തമായ പ്രഹരത്തിന് ഒടുവിൽ, വിധികർത്താക്കൾ ഏകകണ്ഠമായി ടൈസൺ ഫ്യൂറിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ശൈഖ് റിങ്ങിൽ ചാമ്പ്യൻഷിപ്പ് ബെൽറ്റ് ആചാരപരമായി ടൈസൺ ഫ്യൂറിക്ക് സമ്മാനിച്ചു. ഈ വിജയം ഫ്യൂറിയുടെ തുടർച്ചയായ 35-ാമത്തെ തോൽവിയില്ലാത്ത മത്സരമാണ്. ബോളിവുഡ് താരം സൽമാൻ ഖാൻ, അൽ നസ്ർ ഫുട്ബാൾ ക്ലബ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, സഹതാരം ലൂയിസ് ഫിഗോ, അർജൻറീനിയൻ മോഡൽ ജോർജിന റോഡ്രിഗ്സ്, തുർക്കിഷ് ചലച്ചിത്രതാരം ബുറാക് ഒസിവിറ്റ്, ബോക്സിങ് താരം മൈക്ക് ടൈസൺ, താജിക്സ്ഥാനി ഗായകൻ അബ്ദു റോസിക് തുടങ്ങിയവർ ഉൾപ്പെടെ താരനിബിഡമായ പ്രേക്ഷകർ പരിപാടി ആസ്വദിക്കാനെത്തി.
തുടർന്ന് തുർക്കി അൽ ശൈഖ് സൗദിയിലെ പ്രമുഖ വാർഷിക വിനോദ വിനോദസഞ്ചാര പരിപാടിയായ റിയാദ് സീസൺ നാലാമത് പതിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള അത്ലറ്റുകൾ, കലാകാരന്മാർ, ആയോധനകല പ്രേമികൾ എന്നിവരടങ്ങുന്ന ആഗോള പ്രേക്ഷകർ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]