പത്തനംതിട്ട ജില്ലയിലെ റാന്നി ചൊള്ളനാവയൽ മലവേടൻ ആദിവാസി മേഖലയിൽ നിന്നുള്ള കെ.പി.
അശ്വതിമോൾ പ്രതികൂല സാഹചര്യങ്ങളെ തോൽപ്പിച്ച് എംബിബിഎസ് പ്രവേശനത്തിലേക്ക്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെയും അപരന്റെ പരിഹാസങ്ങളെയും നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ചാണ് ഈ മിടുമിടുമിടുക്കി കണ്ണൂർ ഗവ.
മെഡിക്കൽ കോളജിന്റെ പടിവാതിൽക്കലെത്തിനിൽക്കുന്നത്. വരുന്ന സെപ്റ്റംബർ 2നു അശ്വതി എംബിബിഎസ് കോഴ്സിൽ പ്രവേശിക്കും. ‘പഠിച്ചിട്ടെന്തിനാ ഡോക്ടർ ആവാൻ ആണോ, ചുറ്റുമുള്ള പലരും ഇങ്ങനെ ചോദിക്കുമായിരുന്നു.
ആ ചോദ്യമായിരുന്നു എന്റെ മോട്ടിവേഷൻ’ എന്നാണ് അശ്വതിയുടെ വാക്കുകൾ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മനസ്സിൽ രൂപപ്പെട്ടതാണ് ഡോക്ടർ ആകണമെന്ന ലക്ഷ്യം.
‘അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി വീടിന്റെ അടുത്തില്ലായിരുന്നു. അന്ന് മനസ്സിൽ ഉറപ്പിച്ചതാണു ഡോക്ടർ ആകണമെന്ന്.
ഞങ്ങളുടെ ഉന്നതിയിൽ 63 കുടുംബങ്ങളുണ്ട്. ഇതിൽ ആദ്യമായാണ് ഒരാൾ ഈ രംഗത്തേക്ക് എത്തുന്നത്’– അശ്വതി പറയുന്നു. നാറാണംമൂഴി എംടിഎൽപി സ്കൂളിലും പെരുനാട് ബഥനി ഹൈസ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
കൂലിപ്പണി ചെയ്തു സ്വരുക്കൂട്ടുന്ന പണം കൊണ്ടു ജീവിതം മുന്നോട്ട് നയിക്കാൻ ബുദ്ധിമുട്ടിയെങ്കിലും മകളുടെ സ്വപ്നങ്ങൾക്കു അച്ഛൻ കുഞ്ഞുമോൻ പൂർണ്ണ പിന്തുണ നൽകി. അമ്മ ശ്രീദേവിയും എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടായിരുന്നു.
തുടർന്ന് തിരുവനന്തപുരത്ത് ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്നാണ് അശ്വതി പ്ലസ്ടു പൂർത്തിയാക്കിയത്. സയൻസ്, ടെക്നോളജി, എജ്യുക്കേഷൻ, മെഡിസിൻ (സ്റ്റെം) മേഖലയിൽ വിദ്യാർഥികളെ പിന്തുണയ്ക്കാനുള്ള തിരുവനന്തപുരം ജില്ലാ കലക്ടറുടെ ‘കലക്ടേഴ്സ് സൂപ്പർ 100’ പ്രോഗ്രാമിൽ പ്രവേശനം ലഭിച്ചത് കരിയറിൽ വഴിത്തിരിവായി.
ഇവിടെനിന്നും ഉപരിപഠനത്തിനുള്ള മികച്ച മെന്റർഷിപ് ലഭ്യമായി. പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടാനും അശ്വതിക്ക് സാധിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെ നീറ്റ് പരീക്ഷ വീണ്ടും എഴുതിയ താരം, ഓൾ കേരള എസ്ടി കാറ്റഗറിയിൽ 19-ാം റാങ്ക് കരസ്ഥമാക്കിയാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

