സംവിധായകൻ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രം മോളിവുഡ് ടൈംസ് ജൂൺ 5-ന് പ്രേക്ഷകരിലേക്ക് എത്തുന്നു. നസ്ലെൻ നായകനായി എത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
ഏറെ ചർച്ച ചെയ്യപ്പെട്ട മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ഇതിനകം തന്നെ ശ്രദ്ധയാകർഷിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
താൻ ആസൂത്രണം ചെയ്ത സക്സസ് ട്രിലജിയിലെ രണ്ടാമത്തെ ചിത്രമാണ് ഇതെന്നും, തന്റെ ജീവിതത്തിലെ അനുഭവങ്ങൾ ഈ സിനിമയുടെ ഭാഗമായിട്ടുണ്ടെന്നും സംവിധായകൻ വെളിപ്പെടുത്തി. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കവേ അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി: “മോളിവുഡ് ടൈംസ് എനിക്ക് വളരെ പേഴ്സണൽ ആയ ഒരു ചിത്രമാണ്.
കാരണം, എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രം ചെയ്യുമ്പോൾ ഒബ്ജക്ടീവ് ആയിരിക്കണം എന്നുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഈ ചിത്രം എഴുതുമ്പോൾ ഒരു കോ-റൈറ്റർ വേണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഇതൊരു ബയോഗ്രഫി ചിത്രമല്ല; എന്നാൽ എന്റെ വ്യക്തിപരമായ അനുഭവങ്ങൾ ഉൾപ്പെടുത്തുമ്പോൾ മറ്റൊരാളുടെ കാഴ്ചപ്പാടുകൾ കൂടി ഉൾപ്പെടുത്തണമെന്ന് തോന്നി.
ഞാൻ തനിയെ എഴുതിയാൽ അതിനൊരു ഒബ്ജക്ടിവിറ്റി ലഭിക്കില്ല. കോ-റൈറ്ററായ രാമു സുനിൽ അത് നല്ല രീതിയിൽ ചെയ്തിട്ടുമുണ്ട്.
‘സംസാരം ആരോഗ്യത്തിന് ഹാനീകരം’ എന്ന ചിത്രത്തിൽ ഞാൻ എഡിറ്ററായി വർക്ക് ചെയ്യുന്ന സമയത്ത് രാമു സുനിൽ അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്നുമുതൽ ഉണ്ടായ സൗഹൃദം ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിന്റെ എഴുത്തിലും ഏറെ ഗുണം ചെയ്തിട്ടുണ്ട്.
ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ സിനിമാ ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്താണ് മോളിവുഡ് ടൈംസ് ചെയ്തത്.” ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നസ്ലെനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ധീൻ, റോഷൻ ഷാനവാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
രാമു സുനിൽ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവ്വഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

