തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലെയും വിവിധ ഫിനാൻസ് സ്ഥാപനങ്ങളിൽ മുക്കുപണ്ടം ഈടുവെച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിലായി. പൂന്തുറ സ്വദേശികളായ നാസർ (45), ഷർജാദ് (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
വെള്ളറട മേഖലയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പരുത്തിപ്പള്ളിയിലും അമ്പൂരിക്ക് സമീപമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങളിലാണ് ഇവർ വ്യാജ സ്വർണം പണയംവെച്ച് പണം തട്ടിയെടുത്തത്. സെപ്റ്റംബർ 25ന് പരുത്തിപ്പള്ളിയിലെ ഒരു സ്ഥാപനത്തിൽ എത്തിയ പ്രതികൾ 10 ഗ്രാം തൂക്കമുള്ള വള ഈടുവെച്ച് 90,000 രൂപ കൈപ്പറ്റിയെന്നാണ് പ്രഥമ വിവരമുള്ളത്.
ആധാർ കാർഡ് പിന്നീട് എത്തിച്ചുനൽകാമെന്ന് ധരിപ്പിച്ചാണ് ഇവർ പണം വാങ്ങിയത്. തുടർന്ന് ഒക്ടോബർ ഒന്ന് ഉച്ചയോടെ അമ്പൂരിക്ക് സമീപമുള്ള മറ്റൊരു ഫിനാൻസ് സ്ഥാപനത്തിലും സമാനമായ രീതിയിൽ 10 ഗ്രാം തൂക്കമുള്ള വള പണയംവെച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി വിവരമുണ്ട്.
ഇടപാടിൽ സംശയം തോന്നിയ വൃന്ദാവൻ ഫിനാൻസ് ഉടമ സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഈ വിവരം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി മറ്റ് സ്ഥാപനങ്ങളിലേക്കും കൈമാറി.
ഇതിനിടയിൽ വെള്ളറടയിലെ ഒരു സ്ഥാപനത്തിൽ വീണ്ടും സമാനമായ തട്ടിപ്പിന് ശ്രമിക്കവെയാണ് ഇവർ നാട്ടുകാരുടെയും പൊലീസിന്റെയും പിടിയിലാകുന്നത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

