പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അവസരവാദപരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്.
നേരത്തെ മാധ്യമപ്രവർത്തകരോട് വളരെ സൗഹൃദപരമായി ഇടപെട്ടിരുന്ന വി.ഡി.സതീശൻ, നിലവിൽ ആ ശൈലിയിൽ നിന്ന് പൂർണ്ണമായും മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇ.ഡി റെയ്ഡ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ മൂന്ന് ദിവസത്തെ കാലതാമസം വരുത്തിയ അദ്ദേഹം, അതിന് മുൻപുള്ള 13 അവസരങ്ങളിലും മൗനം പാലിക്കുകയായിരുന്നു.
കൊടിയേറ്റം എന്ന സിനിമയിലെ ഗോപി എന്ന കഥാപാത്രത്തെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്ന് ജയരാജൻ പരിഹസിച്ചു. രാഷ്ട്രീയ നേതാക്കൾക്കെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കങ്ങളിൽ വി.ഡി.സതീശൻ സ്വീകരിക്കുന്ന നിലപാടുകളിലെ വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരായ ഇ.ഡി നടപടികളെ രാഷ്ട്രീയ പകപോക്കലായി വിശേഷിപ്പിച്ച അദ്ദേഹം, സംസ്ഥാനത്ത് ഇ.ഡി റെയ്ഡുകൾ നടക്കുമ്പോൾ കേന്ദ്ര ഏജൻസികളെ ന്യായീകരിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരായി ഇ.ഡിയുടെ നടപടിയുണ്ടായപ്പോൾ ബിജെപി സർക്കാർ രാഷ്ട്രീയ നേതാക്കൾക്കെതിരെ കള്ളക്കേസ് എടുക്കുകയാണെന്നാണു വി.ഡി.സതീശൻ പറഞ്ഞത്. തിരുവനന്തപുരത്തെ റെയ്ഡിനിടെയുണ്ടായ അക്രമ സംഭവങ്ങൾ ദൃശ്യങ്ങൾ സഹിതം ചൂണ്ടിക്കാട്ടിയ ജയരാജൻ, അക്രമത്തെ സിപിഎം പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തമാക്കി.
സംഭവസ്ഥലത്തെ ക്രമസമാധാന പാലനത്തിൽ പൊലീസിനാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

