പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ മൂലം ഇന്ധനവിലയിലുണ്ടാകുന്ന വർധനയും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഹ്രസ്വകാലത്തേക്ക് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രോപരിതലത്തിൽ അനുഭവപ്പെടുന്ന അസാധാരണ ചൂട് അഥവാ എൽനിനോ കാലവർഷത്തെ പ്രതികൂലമായി ബാധിക്കുന്നത് കാർഷിക ഉൽപാദനത്തെയും ബാധിച്ചേക്കാം.
എങ്കിലും, പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രാപ്തമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ബാങ്കുകളുടെയും കമ്പനികളുടെയും കരുത്തുറ്റ ബാലൻസ് ഷീറ്റുകൾ, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സർക്കാരിന്റെ നിക്ഷേപം, പുതിയ വ്യാപാരക്കരാറുകൾ എന്നിവ വളർച്ചാ വേഗത നിലനിർത്താൻ സഹായിക്കും.
വെല്ലുവിളികൾക്കിടയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് 2026-27 സാമ്പത്തിക വർഷത്തിൽ മികച്ച വളർച്ചാ സാധ്യതകളാണുള്ളത്. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടുനിൽക്കുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
നടപ്പു സാമ്പത്തിക വർഷത്തെ കാർഷിക മേഖലയുടെ കുതിപ്പ് പൂർണ്ണമായും തെക്കുപടിഞ്ഞാറൻ കാലവർഷത്തെ ആശ്രയിച്ചായിരിക്കും. രാജ്യത്തെ ഭക്ഷ്യധാന്യ ശേഖരവും അണക്കെട്ടുകളിലെ ജലലഭ്യതയും നിലവിൽ തൃപ്തികരമായതിനാൽ, പണപ്പെരുപ്പം ആർബിഐ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തിനകത്ത് തുടരുമെന്നാണ് വിലയിരുത്തൽ.
എങ്കിലും ഇന്ധനവിലയിലെയും വിനിമയനിരക്കിലെയും ചാഞ്ചാട്ടം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ഈ ഘടകങ്ങൾ കൂടി പരിഗണിച്ച് നടപ്പു വർഷം പണപ്പെരുപ്പ നിരക്ക് 4.6 ശതമാനവും, സാമ്പത്തിക വളർച്ചാ നിരക്ക് 6.9 ശതമാനവും ആയിരിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രവചനം.
റിസർവ് ബാങ്കിന്റെ മൊത്തം ബാലൻസ് ഷീറ്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20.6% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇത് 91.97 ലക്ഷം കോടി രൂപയായി ഉയർന്നു.
2024 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം റിസർവ് ബാങ്കിന്റെ കൈവശം 880.52 മെട്രിക് ടൺ സ്വർണ്ണശേഖരമാണുള്ളത്. മുൻ വർഷം ഇത് 879.58 മെട്രിക് ടൺ ആയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

