നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ മത്സരിച്ച മുൻ ധനമന്ത്രിക്കു വേണ്ടി രാഷ്ട്രീയപ്രചാരണം നടത്തിയ ഇടതുസംഘടനാ നേതാക്കൾ കൂടിയായ 4 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ലഭിച്ചു. കൊല്ലം റൂറലിൽ ജോലി ചെയ്തുവന്ന ഇവരെ ജില്ലയ്ക്കു പുറത്തേക്കാണ് മാറ്റിയിട്ടുള്ളത്.
ഗ്രേഡ് എസ്ഐമാരായ എസ്.നജീം, എസ്.എൽ.സുജിത്, സീനിയർ സിപിഒ എ.എസ്.ശിവേഷ്, സിപിഒ വി.ചിന്ദു എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിൽ എസ്.നജീം, എ.എസ്.ശിവേഷ് എന്നിവരെ കോട്ടയത്തേക്കും, എസ്.എൽ.സുജിത്, വി.ചിന്ദു എന്നിവരെ ആലപ്പുഴയിലേക്കുമാണ് സ്ഥലംമാറ്റി ദക്ഷിണമേഖലാ ഐജി ജി.സ്പർജൻ കുമാർ ഉത്തരവിറക്കിയത്.
കൊല്ലം റൂറൽ പൊലീസിലെ വിവിധ സംഘടനാ ഭാരവാഹികളാണ് ഇവർ നാലുപേരും. ‘ബാലഗോപാലാണ്, വിശ്വസിക്കാം’ എന്ന പേരിൽ അദ്ദേഹത്തിന്റെ ചിത്രം വച്ചുള്ള വിഡിയോയിൽ ഉദ്യോഗസ്ഥർ സംസാരിച്ചതാണു പ്രധാനമായും വിവാദത്തിന് വഴിവെച്ചത്.
കൊട്ടാരക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി ഐഷ പോറ്റി ഡിജിപിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണു വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ‘കൊട്ടാരക്കര പൊലീസ് ആസ്ഥാനത്തു വന്ന മാറ്റങ്ങൾ’ എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന വിഡിയോയിൽ, ബാലഗോപാലിനെ പുകഴ്ത്തി ഉദ്യോഗസ്ഥർ സംസാരിച്ചതായി വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
‘ധനമന്ത്രിയുടെ പ്രത്യേക താൽപര്യത്തിൽ നിർമാണം ആരംഭിച്ച റൂറൽ ജില്ലാ ആസ്ഥാനത്തിനു മുന്നിലാണു നമ്മൾ നിൽക്കുന്നത്’ എന്നു തുടങ്ങി ആസ്ഥാനത്തെ സൗകര്യങ്ങൾ വിശദീകരിക്കുന്നതായിരുന്നു വിഡിയോയുടെ ഉള്ളടക്കം. പൊലീസുകാർ പരസ്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്ന ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ഇവർ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
വകുപ്പുതല നടപടികൾക്ക് പുറമെ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നുമുള്ള ശുപാർശയോടെയാണ് അന്വേഷണ റിപ്പോർട്ട് ഡിജിപിയുടെ മുന്നിൽ എത്തിയത്. അതേസമയം, അച്ചടക്കലംഘനത്തിൽ നിന്നു തലയൂരാൻ ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളും അന്വേഷണത്തിൽ പൊളിഞ്ഞു.
റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തെക്കുറിച്ചു വാർത്ത വന്നെന്നും, അതുസംബന്ധിച്ച പ്രതികരണം തേടിയെത്തിയ ഏതാനും മാധ്യമപ്രവർത്തകർ പകർത്തിയ വിഡിയോയിലാണു തങ്ങൾ സംസാരിച്ചതെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മൊഴി. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏർപ്പാടാക്കിയ സ്വകാര്യ പിആർ കമ്പനിയാണു വിഡിയോ പകർത്തിയതെന്നും, പൂർണ്ണമായും രാഷ്ട്രീയ താൽപര്യത്തോടെയാണ് ഉദ്യോഗസ്ഥർ ക്യാമറയ്ക്ക് മുന്നിൽ സംസാരിച്ചതെന്നും പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

