കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് പ്രധാന റോഡിൽ പുതുതായി പ്രവർത്തനമാരംഭിച്ച വ്യാപാര സമുച്ചയത്തിൽ വൻ കവർച്ച. ഇ സിറ്റി ആപ്പിൾ പ്രോ സ്റ്റോർ എന്ന മൊബൈൽ ഫോൺ ഷോറൂമിലാണ് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ മോഷണം നടന്നിരിക്കുന്നത്.
കടയിൽ നിന്ന് ആകെ 92 ഐഫോണുകളും 60,600 രൂപയും നഷ്ടപ്പെട്ടു. മോഷണം പോയ ഫോണുകൾക്ക് മാത്രം ഏകദേശം 75 ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കുന്നു.
വില്ല്യാപ്പള്ളി സ്വദേശി കിഴക്കെ മണന്തല റിയാസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. കഴിഞ്ഞ ഏപ്രിൽ 22-നാണ് ഈ ഷോറൂം ഉദ്ഘാടനം ചെയ്തത്.
ആകെ 12 ജീവനക്കാരുള്ള സ്ഥാപനം ഇന്നലെ രാവിലെ 9.30-ഓടെ ജീവനക്കാരിലൊരാൾ തുറക്കാനെത്തിയപ്പോഴാണ് കവർച്ചാ വിവരം പുറത്തറിയുന്നത്. കടയുടെ ഗ്ലാസ് വാതിലും ഷട്ടറും തകർത്ത നിലയിലായിരുന്നു.
ഉടമ റിയാസും മറ്റ് അധികൃതരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വിലപിടിപ്പുള്ള ഫോണുകളും പണവും നഷ്ടപ്പെട്ട വിവരം വ്യക്തമായത്.
അടുത്തിടെ മാത്രം ഏകദേശം 15 ലക്ഷം രൂപയുടെ പുതിയ ആപ്പിൾ ഫോണുകൾ ഷോറൂമിൽ എത്തിച്ചിരുന്നു. ഈ പുതിയ സ്റ്റോക്കുകൾ മുഴുവൻ മോഷ്ടാക്കൾ അപഹരിച്ചിട്ടുണ്ട്.
സ്ഥാപനത്തിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് പൂർണ്ണമായും നശിപ്പിച്ച ശേഷമാണ് സംഘം കവർച്ച നടത്തിയത്. വ്യാപാര സമുച്ചയത്തിലേക്കുള്ള പ്രധാന ഇരുമ്പ് ഗേറ്റ് തുറന്ന ശേഷമാണ് മോഷ്ടാക്കൾ അകത്തുകടന്നത്.
വാതിലിന്റെ പൂട്ട് പൊളിക്കുകയും, തുടർന്ന് ഷട്ടറിന്റെ സെന്റർ ലോക്കും തറയും ചേരുന്ന ഭാഗത്തെ ടൈലുകൾ തകർത്താണ് അകത്തുപ്രവേശിച്ചത്. ഷട്ടർ ഉയർത്തുന്നതിനിടയിൽ ഇരുഭാഗത്തെയും പൂട്ടുകൾ തകർന്നുപോയിട്ടുണ്ട്.
കയർ കെട്ടിയോ, ഇരുമ്പ് പാരയോ അല്ലെങ്കിൽ ജാക്കിയോ ഉപയോഗിച്ചാകാം ഷട്ടർ ഉയർത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഉടമയായ റിയാസിന്റെ ഉടമസ്ഥതയിൽ തന്നെ സമീപത്തായി മറ്റൊരു മൊബൈൽ ഫോൺ കട
കൂടി പ്രവർത്തിക്കുന്നുണ്ട്. സംഭവമറിഞ്ഞ് നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. പ്രദേശത്തെ മറ്റ് നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

