ജനവാസ മേഖലയിലുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്ടിൻപുറം. കോഴിക്കോട് നാദാപുരം വിലങ്ങാട് സ്വദേശി ചന്തുവിന്റെ മകൻ വി സി സുനിൽ (40) ആണ് മരണപ്പെട്ടത്.
ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനിൽ, ഓണം അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് ഈ ദാരുണാപകടം സംഭവിച്ചത്. ഇന്നലെ രാവിലെയാണ് ജനവാസ മേഖലയിലെ കൃഷിയിടത്തിലേക്ക് കാട്ടുപോത്ത് എത്തിയത്.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം രാവിലെ പതിനൊന്നോടെ കാട്ടുപോത്തിനെ വനത്തിലേക്കു തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. വായാട് തെക്ക് നെല്ലിപ്പുഴ ജോസ്ബൈറ്റ് ജേക്കബ് എന്നയാളുടെ കൃഷിയിടത്തിന് സമീപത്തുണ്ടായ സംഭവത്തിൽ സുനിലിന്റെ വയറ്റിലാണ് കുത്തേറ്റത്.
സാരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
പരേതനായ സുയിലിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. വിലങ്ങാട് ഭാഗത്ത് വന്യമൃഗങ്ങളെ അകറ്റാൻ സോളർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചാർജിങ് സംബന്ധിച്ച പ്രശ്നങ്ങൾ കാരണം അത് ഫലപ്രദമല്ലെന്ന് നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു.
സ്ഥിരമായി പ്രദേശത്ത് എത്താറുള്ള കാട്ടുപോത്തിനെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

