തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ റൺമല തീർത്ത് ആലപ്പി റിപ്പിൾസ്. നിശ്ചിത ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് എന്ന കൂറ്റൻ സ്കോറാണ് ടീം പടുത്തുയർത്തിയത്.
ടൂർണമെന്റ് ചരിതത്തിൽ ഒരു ടീം നേടുന്ന എക്കാലത്തെയും ഉയർന്ന സ്കോർ കൂടിയാണിത്. സെസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീൻ ആണ് ഇന്നിങ്സിലെ ടോപ് സ്കോറർ.
കൂടാതെ സച്ചിൻ ബേബിയും ആകാശ് പിള്ളയും അർദ്ധ സെഞ്ചുറികൾ നേടി തിളങ്ങി. ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ആകാശ് പിള്ള തുടങ്ങിയത്.
തുടർന്ന് ഗ്രൗണ്ടിൽ കൂറ്റൻ ഷോട്ടുകളുടെ പെരുമഴയാണ് കണ്ടത്. പവൻ രാജിനൊഴികെ സെയിലേഴ്സ് ബൗളിങ് നിരയിലാർക്കും റിപ്പിൾസിന്റെ ബാറ്റിങ് വെടിക്കെട്ട് നിയന്ത്രിക്കാൻ സാധിച്ചില്ല.
അഞ്ചാം ഓവറിൽ തന്നെ റിപ്പിൾസ് സ്കോർ അൻപതകടന്നു. മാന്ത്രിക ഫോം തുടർന്ന മുഹമ്മദ് അസ്ഹറുദ്ദീൻ വെറും 23 പന്തുകളിൽ നിന്നാണ് അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്.
എസ്. മിഥുൻ എറിഞ്ഞ എട്ടാം ഓവറിൽ മൂന്ന് സിക്സടക്കം 21 റൺസാണ് താരം അടിച്ചെടുത്തത്.
മറുവശത്ത് മികച്ച പിന്തുണയുമായി ആകാശ് പിള്ളയും നിലയുറപ്പിച്ചു. സെയിലേഴ്സ് ക്യാപ്റ്റൻ വത്സൽ ഗോവിന്ദ് ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
അസ്ഹറുദ്ദീനും ആകാഷും ചേർന്ന് 8.3 ഓവറിൽ തന്നെ റിപ്പിൾസിന്റെ സ്കോർ 100 കടത്തി. സ്കോർ 55ൽ നിൽക്കെ 14-ാം ഓവറിലെ ആദ്യ പന്തിലാണ് റിപ്പിൾസിന് ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്.
42 പന്തിൽ 72 റൺസെടുത്ത ആകാശ് പിള്ള, എ.ജി. അമലിന്റെ പന്തിൽ എസ്.
മിഥുൻ ക്യാച്ചെടുത്താണ് പുറത്തായത്. 11 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.
തുടർന്നെത്തിയ സച്ചിൻ ബേബിയും ഒപ്പം ചേർന്നതോടെ 17-ാം ഓവറിൽ സ്കോർ 200 കടന്നു. തൊട്ടുപിന്നാലെ അസ്ഹറുദ്ദീൻ തന്റെ മൂന്നാം സെഞ്ചുറിയും തികച്ചു.
കെസിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം മൂന്ന് സെഞ്ചുറികൾ സ്വന്തമാക്കുന്നത്. 23 പന്തിൽ അൻപത് തികച്ച അസർ, 48 പന്തിലാണ് സെഞ്ചുറിയിലെത്തിയത്.
ഈ സീസണിൽ സെയിലേഴ്സിനെതിരെയുള്ള ആദ്യ മത്സരത്തിലും താരം സെഞ്ചുറി നേടിയിരുന്നു. ഈ ഇന്നിങ്സിനിടെ അസർ സീസണിൽ 500 റൺസും പൂർത്തിയാക്കി.
ഏഴ് ഇന്നിങ്സുകളിൽ നിന്ന് മൂന്ന് സെഞ്ചുറിയും മൂന്ന് അർദ്ധ സെഞ്ചുറിയുമടക്കം 526 റൺസാണ് അസ്ഹറുദ്ദീൻ ഇതുവരെ വാരിക്കൂട്ടിയത്. 52 പന്തിൽ നാല് ഫോറും എട്ട് സിക്സുമടക്കം 107 റൺസുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു.
മറുവശത്ത് സച്ചിൻ ബേബിയും തകർപ്പൻ ബാറ്റിംഗാണ് പുറത്തെടുത്തത്. 26 പന്തുകളിൽ നാല് ഫോറും ഏഴ് സിക്സുമടക്കം 68 റൺസാണ് സച്ചിൻ നേടിയത്.
കെ.ജി. അഖിൽ എറിഞ്ഞ അവസാന ഓവറിൽ നാല് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 22 റൺസാണ് താരം അടിച്ചുകൂട്ടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

