വയനാട് ജില്ലയിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് അനുവദിച്ചിട്ടുള്ള സൗജന്യ യാത്ര മൂലം വരുമാനത്തിൽ വൻ ഇടിവുണ്ടായെന്ന് ആരോപിച്ച് സ്വകാര്യ ബസുടമകൾ നടത്തിയ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട
ബസ് സ്റ്റോപ്പുകളിലും സ്റ്റാൻഡുകളിലും മണിക്കൂറുകളോളം കാത്തുനിന്ന യാത്രക്കാർ വലിയ ദുരിതമാണ് നേരിട്ടത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം നാളെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസുടമകൾ പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി ജില്ലാ സിവിൽ സ്റ്റേഷനിലേക്ക് ബസുടമകൾ മാർച്ച് നടത്തി. ബസ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് റാം മാർച്ച് ഉദ്ഘാടനം ചെയ്തു.
സമരത്തിന് ഐഎൻടിയുസി, സിഐടിയു, എഐടിയുസി തുടങ്ങിയ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് ബസ് ജീവനക്കാരാണ് പിന്തുണയുമായെത്തിയത്. യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി കൽപറ്റ ഡിപ്പോയിൽ നിന്ന് 3 അധിക സർവീസുകളും ബത്തേരിയിൽ 2 സർവീസുകളും നടത്തിയിരുന്നെങ്കിലും അത് അപര്യാപ്തമായിരുന്നു.
മാനന്തവാടി ഡിപ്പോയുടെ കീഴിലും അധിക സർവീസുകൾ ഏർപ്പെടുത്തിയെങ്കിലും മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർ തിങ്ങിനിറഞ്ഞ ബസുകളിൽ അതീവ ദുരിതത്തോടെയാണ് യാത്ര ചെയ്തത്. വിദ്യാർഥികളെയും സമരം പ്രതികൂലമായി ബാധിച്ചു.
കൽപറ്റ നഗരത്തിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ഹാജരായത് പകുതി കുട്ടികൾ മാത്രമാണ്. ബത്തേരി, പനമരം, അച്ചൂർ തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് കൃത്യസമയത്ത് ക്ലാസിലെത്താൻ സാധിച്ചില്ല.
പ്രത്യേകിച്ച് കെഎസ്ആർടിസി സർവീസുകൾ കുറവായ ആദിവാസി മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സമരം വലിയ തിരിച്ചടിയായി മാറി. ജില്ലയിലെ ഏകദേശം 300 സ്വകാര്യ ബസുകളിൽ 160 എണ്ണം സർവീസ് നിർത്തിവയ്ക്കുന്നതായി കാണിച്ച് ജി-ഫോം സമർപ്പിച്ചതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

