സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റ് പങ്കുവെച്ചു എന്നാരോപിച്ച് നടപടി നേരിട്ട ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ നിർദേശം.
വി.ഡി സതീശൻ ആണ് വിഷയത്തിൽ ഇടപെട്ട് നടപടി പിൻവലിക്കാൻ നിർദേശം നൽകിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നലെയായിരുന്നു പ്രിൻസിപ്പലിനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസരൂപേണ പങ്കുവെച്ചെന്നും, ഇത് അധ്യാപകർക്കിടയിലും വിദ്യാർഥികൾക്കിടയിലും രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ ഉത്തരവ്. സർവീസിൽ നിന്നും വിരമിക്കാൻ കേവലം രണ്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രിൻസിപ്പലിനെതിരെ ഇത്തരമൊരു കടുത്ത നടപടി ഉണ്ടായത്.
സംഭവം പൊതുമണ്ഡലത്തിൽ വലിയ ചർച്ചയായതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. വിഷയത്തിൽ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഔദ്യോഗികമായി പരാതി നൽകിയിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പുറത്തുനിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അധ്യാപകൻ വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സസ്പെൻഷൻ പിൻവലിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ ജവാദ് സുബൈറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

