വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനമാരംഭിച്ച് 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിഇയു (ട്വന്റി ഫൂട്ട്–ഇക്വലന്റ് യൂണിറ്റ്സ്) കൈകാര്യം ചെയ്തുകൊണ്ട് ചരിത്രപരമായ നേട്ടം കൈവരിച്ചു. രാജ്യത്തെ തുറമുഖ മേഖലയിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന തുറമുഖമായി വിഴിഞ്ഞം മാറിയെന്ന് അധികൃതർ വ്യക്തമാക്കി.
തുറമുഖത്തിന്റെ പ്രവർത്തനക്ഷമത തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 67 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകൾ ഉൾപ്പെടെ 950-ലധികം കപ്പലുകളാണ് ഇതുവരെ ഇവിടെ നങ്കൂരമിട്ടത്.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ എംഎസ്സി ഐറിന, എംഎസ്സി വെറോണ എന്നിവ ഈ തുറമുഖത്തെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയവയിൽ ഉൾപ്പെടുന്നു. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ളതും അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ നിർമിച്ചതുമായ ഈ തുറമുഖം 2024 ഡിസംബറിലാണ് വാണിജ്യ പ്രവർത്തനം ആരംഭിച്ചത്.
തുടർന്ന് 2025 മേയിൽ തുറമുഖം രാജ്യത്തിനു സമർപ്പിച്ചു. പ്രവർത്തനമാരംഭിച്ച് വളരെ വേഗത്തിൽ, അതായത് 2025 ഓഗസ്റ്റിൽ തന്നെ 10 ലക്ഷം ടിഇയു കൈകാര്യം ചെയ്തുകൊണ്ട് വിഴിഞ്ഞം ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ചിരുന്നു.
അന്താരാഷ്ട്ര കപ്പൽ പാതയിൽനിന്ന് കേവലം 10 നോട്ടിക്കൽ മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം, ദക്ഷിണേഷ്യ, പശ്ചിമേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നീ മേഖലകളെ ബന്ധിപ്പിക്കുന്ന നിർണായക ട്രാൻസ്ഷിപ്മെന്റ് ഹബ്ബായി മാറിക്കഴിഞ്ഞു. മുൻകാലങ്ങളിൽ ഇന്ത്യയുടെ പ്രധാനപ്പെട്ട
ട്രാൻസ്ഷിപ്മെന്റ് ചരക്കുകൾ വിദേശ തുറമുഖങ്ങളെ ആശ്രയിച്ചായിരുന്നു നീങ്ങിയിരുന്നത്. ഈ സാഹചര്യത്തിലാണ് വിഴിഞ്ഞത്തിന്റെ വളർച്ച നിർണായകമാകുന്നത്.
ഏകദേശം 16,000 കോടി രൂപയുടെ നിക്ഷേപത്തോടെയുള്ള തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
2028-ഓടെ ഈ പദ്ധതി പൂർത്തിയാകുന്നതോടെ കണ്ടെയ്നർ കൈകാര്യശേഷി വർധിക്കുകയും സമ്പൂർണ എക്സ്പോർട്ട്-ഇംപോർട്ട് (എക്സിം) പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

