മുതിർന്ന സിപിഐഎം നേതാവും കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറുമായ ടി പി ദാസൻ അന്തരിച്ചു. 76 വയസ്സായിരുന്നു.
വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദീർഘകാലം സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗമായി പ്രവർത്തിച്ച അദ്ദേഹം, പൊതുരംഗത്ത് ഒട്ടേറെ നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്.
സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് എന്ന നിലയിൽ കായികരംഗത്തെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. 1967-ൽ സിപിഐഎം അംഗത്വം സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായത്.
കെഎസ്എഫിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ടി പി ദാസൻ, സംഘടനയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ പദവികളും അലങ്കരിച്ചു. 1980-ൽ ഡിവൈഎഫ്ഐയുടെ പ്രവർത്തനങ്ങളിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.
പൊതുപ്രവർത്തന രംഗത്തെ മഹനീയമായ സാന്നിധ്യമായിരുന്നു അദ്ദേഹം.

