ചെന്നൈ: അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കര തൊടാനൊരുങ്ങുന്ന പശ്ചാത്തലത്തിൽ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ യാത്രാ സംവിധാനങ്ങൾ താറുമാറായിട്ടുണ്ട്.
ഒക്ടോബർ 28ന് വിജയവാഡ, വിശാഖപട്ടണം വിമാന സർവീസുകളെ അർണബ് ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി. യാത്രയ്ക്ക് മുമ്പ് വിമാനങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നാണ് വിമാനകമ്പനി നൽകുന്ന നിർദേശം.
ഒഡിഷയിൽ 26 ട്രെയിൻ സർവീസുകളാണ് അർണബ് ചുഴലിക്കാറ്റ് മൂലം റദ്ധാക്കിയത്. ഇതിന് പുറമേ നിരവധി ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് ഒഡിഷയിലെ 16 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇതുവരെ 48000 ആളുകളെയാണ് ഇവിടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചത്.
ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയതായി വിശദമാക്കിയിട്ടുണ്ട്. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിലെ ഇൻഡിഗോ സർവീസുകൾ പൂർണമായും നിർത്തിവച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വ്യോമയാന സുരക്ഷ വിലയിരുത്തുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തര യോഗം ചേർന്നു. ആന്ധ്രാപ്രദേശിൽ സാഹചര്യം മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു നേരിട്ട് വിലയിരുത്തി.
സംസ്ഥാനത്ത് രണ്ടായിരത്തിലധികം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി 12 എൻ ഡി ആർ എഫ് സംഘങ്ങളെയും 10 എസ് ഡി ആർ എഫ് സംഘങ്ങളെയും പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്.
ദുരന്തബാധിത മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

