യുഎസിൽ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയൊരു സംഘടന രൂപീകരിച്ചു. അമേരിക്കയിലെ ആർഎസ്എസിന്റെ ഏതാനും അഭ്യുതയകാംക്ഷികളാണ് യുഎസ് നീതിന്യായ വകുപ്പിൽ ‘ആർഎസ്എസ് ഫ്രണ്ട്സ്’ എന്ന നാമകരണത്തിൽ സംഘടന റജിസ്റ്റർ ചെയ്തത്.
ഫോറിൻ ഏജന്റ് റജിസ്ട്രേഷൻ ആക്ടിന്റെ (FARA) ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് 27നാണ് യുഎസ് നീതിന്യായ വകുപ്പിൽ ഈ സംഘടന ഔദ്യോഗികമായി റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ജോർജിയയിലെ ഒരു വിലാസമാണ് റജിസ്ട്രേഷൻ രേഖകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ, ആർഎസ്എസിന്റെ വിദേശ പ്രിൻപിപ്പൽ എന്ന നിലയിൽ ഡൽഹി കേശവ്കുഞ്ചിലുള്ള ആർഎസ്എസ് ആസ്ഥാനത്തിന്റെ വിലാസവും രേഖകളിൽ കാണാം. വിവരകൈമാറ്റം, വിദ്യാഭ്യാസം, പൊതുജന സമ്പർക്കം, സാമൂഹിക ഇടപെടൽ എന്നിവയിൽ ഊന്നിയാകും സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയെന്ന് യുഎസ് നീതിന്യായ വകുപ്പിന് സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നുണ്ട്.
ആർഎസ്എസിനെക്കുറിച്ചുള്ള തെറ്റിധാരണകൾ ദൂരീകരിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിന്റെ ഭാഗമായി മാധ്യമപ്രവർത്തകർ, മാധ്യമ സ്ഥാപനങ്ങൾ ഗവേഷകർ, അക്കാദമിക്–നയരൂപീകരണ സ്ഥാനങ്ങൾ, സാമൂഹിക നേതാക്കൾ എന്നിവരുമായി നിരന്തര ആശയവിനിമയം നടത്തുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
എന്നാൽ, പ്രത്യേക ലക്ഷ്യങ്ങളോ പ്രതിഫലമോ പ്രവർത്തന മാർഗനിർദേശങ്ങളോ അടങ്ങിയ ലിഖിതമായ കരാറുകൾ ഒന്നും ആർഎസ്എസുമായി ഒപ്പുവച്ചിട്ടില്ലെന്നും ആർഎസ്എസ് ഫ്രണ്ട്സ് വ്യക്തമാക്കിയിട്ടുള്ള രേഖകളിൽ പറയുന്നുണ്ട്. ആർഎസ്എസ് മേധാവ് മോഹൻ ഭാഗവത് ന്യൂയോർക്കിലെ മാഡിസൻ സ്ക്വയർ ഗാർഡനിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിന് കൃത്യം രണ്ടു ദിവസം മുൻപാണ് ഈ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്.
തുടർന്ന് ഓഗസ്റ്റ് 29നാണ് മോഹൻ ഭാഗവത് പ്രസ്തുത പരിപാടിയിൽ സംബന്ധിച്ചത്. യുഎസിലെ ഇന്ത്യൻ വംശജർക്കിടയിൽ സംഘടനയുടെ പ്രവർത്തന വ്യാപ്തി വർധിപ്പിക്കുക എന്നതാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

