തിരുവനന്തപുരം: കഴക്കൂട്ടത്ത് കൊഴുപ്പ് നീക്കം ചെയ്യൽ ശസ്ത്രക്രിയക്കിടെ യുവതിക്ക് ഒൻപത് വിരലുകൾ നഷ്ടമായ സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിന് അനുകൂലമായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ക്ലിനിക്കിനെതിരെ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നും, അതേസമയം യുവതിക്ക് നഷ്ടപരിഹാരത്തിനായി സിവിൽ കോടതിയെ സമീപിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ ആശയക്കുഴപ്പമുള്ളതിനാൽ കഴക്കൂട്ടം പോലീസ് ബോർഡിനോട് വീണ്ടും വിശദീകരണം തേടി. ഐടി എഞ്ചിനീയറായ നീതു, ഫെബ്രുവരി 22-ന് കുളത്തൂരിലെ കോസ്മെറ്റിക് ക്ലിനിക്കിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില ഗുരുതരമായ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒൻപത് വിരലുകളും മുറിച്ചുമാറ്റേണ്ടി വന്നു. തുടർച്ചയായ ശസ്ത്രക്രിയകളും ചികിത്സകളുമായി കഴിയുന്ന നീതുവിൻ്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് ബന്ധുക്കൾ കഴക്കൂട്ടം പോലീസിൽ പരാതി നൽകിയത്. കേസിൻ്റെ ഭാഗമായി ചേർന്ന ജില്ലാതല മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ടിലും അവ്യക്തതയുണ്ടായിരുന്നു.
ചികിത്സാപ്പിഴവ് ഇല്ലെന്നും എന്നാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കാലതാമസമുണ്ടായെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സമിതി അംഗങ്ങൾക്കിടയിൽ സമവായമില്ലാത്തതിനാൽ വിഷയം സംസ്ഥാന മെഡിക്കൽ ബോർഡിന് വിട്ടു.
ലഭ്യമായ രേഖകൾ പരിശോധിച്ച സംസ്ഥാന ബോർഡും ചികിത്സാപ്പിഴവ് കണ്ടെത്താനായില്ലെന്ന നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു. ചികിത്സാപ്പിഴവ് ഇല്ലെന്ന് പറയുന്ന റിപ്പോർട്ടിൽ തന്നെ നഷ്ടപരിഹാരത്തിന് സിവിൽ കേസ് നൽകാമെന്ന് നിർദ്ദേശിക്കുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് പോലീസ് വീണ്ടും വിശദീകരണം തേടിയിരിക്കുന്നത്.
സ്വകാര്യ ക്ലിനിക്കിനെ സംരക്ഷിക്കാൻ വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടാണിതെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

