വാടാനാംകുറുശ്ശിയിൽ നടന്ന റോഡ് അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സ്വകാര്യ ബസ് മാതൃകാപരമായ ഇടപെടൽ നടത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.
ഷൊർണൂരിൽ നിന്നും പട്ടാമ്പിയിലേക്ക് സർവീസ് നടത്തുന്ന കൃഷ്ണമാനസം എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടവർക്ക് തുണയായത്. മുപ്പതിലധികം യാത്രക്കാരുമായി ഷൊർണൂരിൽ നിന്നും പുറപ്പെട്ട
ബസ് വാടാനാംകുറുശ്ശിയിൽ എത്തിയപ്പോൾ, ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് പരുക്കേറ്റവർ റോഡിലും വാഹനത്തിലുമായി കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആംബുലൻസിനായി കാത്തുനിന്നെങ്കിലും അത് ലഭിക്കാൻ വൈകുമെന്ന് മനസ്സിലാക്കിയതോടെ ബസ് ജീവനക്കാർ അടിയന്തര തീരുമാനമെടുക്കുകയായിരുന്നു.
ബസിലുണ്ടായിരുന്ന യാത്രക്കാരോട് സാഹചര്യം വിശദീകരിച്ച ശേഷം അവരെ സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് അപകടത്തിൽ പരുക്കേറ്റ പത്തോളം ആളുകളെ ബസിൽ കയറ്റി.
ഡ്രൈവർ അജീഷ്, കണ്ടക്ടർ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ ബസ് വാണിയംകുളത്തെ ആശുപത്രിയിലേക്ക് അതിവേഗം കുതിക്കുകയായിരുന്നു. ബസിന്റെ ഹോണും ലൈറ്റുകളും ഉപയോഗിച്ച് ഗതാഗത തടസ്സങ്ങൾ ഒഴിവാക്കിയാണ് ബസ് ആശുപത്രിയിലേക്ക് എത്തിയത്.
ഇതിനുശേഷമാണ് ആംബുലൻസ് എത്തി ബാക്കിയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടസ്ഥലത്ത് നിർത്തിയിടാതെ കടന്നുപോയ മറ്റ് വാഹനങ്ങൾക്കിടയിലാണ് ഈ ബസ് ജീവനക്കാരുടെ മനുഷ്യത്വപരമായ ഇടപെടൽ ശ്രദ്ധേയമായത്.
യാത്രക്കാരെല്ലാം പൂർണ്ണ പിന്തുണയുമായി സഹകരിച്ചെന്നും ജീവനക്കാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

