കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയുടെ (766) വികസനം അട്ടിമറിക്കപ്പെടാൻ സാധ്യതയെന്ന ആശങ്ക ശക്തമാകുന്നു. നിലവിലെ പാതയ്ക്ക് പകരം കോഴിക്കോട് മുതൽ മുത്തങ്ങ വരെയുള്ള പാതയുടെ ഗതി തിരിച്ചുവിടാൻ അണിയറയിൽ നീക്കങ്ങൾ നടക്കുന്നതായാണ് സൂചനകൾ പുറത്തുവരുന്നത്.
പാത നാലുവരിപ്പാതയാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ മനപ്പൂർവം വൈകിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണോയെന്ന സംശയം വ്യാപകമാണ്. പാതയുടെ ഡിപിആർ (DPR) തയ്യാറാക്കുന്നതിനായി മൂന്നുതവണ ടെൻഡർ വിളിച്ചിട്ടും അന്തിമ തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല.
കൊടുവള്ളി, താമരശ്ശേരി, വയനാട് ചുരം, മീനങ്ങാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ബൈപാസുകൾ നിർമ്മിച്ച് പാത നാലുവരിയായി വികസിപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ, ഈ നടപടികൾ ഇഴഞ്ഞുനീങ്ങുന്നത് പദ്ധതി അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന ആരോപണത്തിന് ബലമേകുന്നു.
പ്രധാന പട്ടണങ്ങളെ ഒഴിവാക്കുന്നു
നിലവിലെ പാത വികസിപ്പിക്കുന്നതിന് പകരം മേപ്പാടി വഴി ദേശീയപാത തിരിച്ചുവിടാനാണ് നീക്കം നടക്കുന്നത്. ഇത് യാഥാർഥ്യമായാൽ കുന്നമംഗലം, കൊടുവള്ളി, താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം, ചുണ്ട, വൈത്തിരി, കൽപറ്റ തുടങ്ങിയ പ്രധാന വാണിജ്യ കേന്ദ്രങ്ങളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും.
ഈ പട്ടണങ്ങളെ തഴഞ്ഞ് പാത തിരിച്ചുവിടുന്നത് ഇവിടങ്ങളിലെ വ്യാപാര മേഖലയെ പൂർണമായും തകർക്കും. ടെൻഡർ നടപടികളിലെ ദുരൂഹത
കഴിഞ്ഞ സെപ്റ്റംബറിലാണ് പാത നാലുവരിയാക്കുന്നതിനായി ആദ്യമായി ടെൻഡർ വിളിച്ചത്.
തുടർന്ന് ഡൽഹി ആസ്ഥാനമായ സിവിൽ മന്ത്ര എന്ന കമ്പനി ടെൻഡർ നേടിയെങ്കിലും, പിന്നീട് അത് റദ്ദാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വീണ്ടും ടെൻഡർ ക്ഷണിക്കുകയായിരുന്നു. അവസാനത്തെ ടെൻഡർ കാലാവധി ഏപ്രിൽ 6-ന് അവസാനിച്ചിട്ടും തുടർനടപടികൾ ഇഴഞ്ഞുനീങ്ങുന്നത് വലിയ ദുരൂഹതയാണ് സൃഷ്ടിക്കുന്നത്.
വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ കഴിയുന്ന ബൈപാസ് പദ്ധതി യാഥാർഥ്യമായാൽ പാത വികസന മുന്നേറ്റ പാതയായി മാറും. എന്നാൽ, ഇത്തരം വികസനങ്ങളെ തടയാൻ ചില ജനപ്രതിനിധികളുടെ മൗനാനുവാദത്തോടെ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട അന്തർസംസ്ഥാന ദേശീയപാതയുടെ വികസനം മുടങ്ങിക്കിടക്കുമ്പോഴും ഉത്തരവാദപ്പെട്ടവർ മൗനം പാലിക്കുന്നത് ജനങ്ങളിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

