തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾ അനുവദിക്കുന്നതിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. സൊസൈറ്റിക്ക് കരാറുകൾ നൽകിയതിൽ നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, പരാതികൾ ലഭിച്ചാൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പി കെ ബഷീർ സഭയെ അറിയിച്ചു.
നിയമസഭയിൽ വി ടി ബലറാം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. കരാറുകൾ നൽകിയതുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തുകയിൽ മാറ്റം വരുത്തിയെന്ന ആരോപണം മന്ത്രി തള്ളി.
ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവർത്തികളാണെന്നും, നിയമവിരുദ്ധമായി യാതൊരു ആനുകൂല്യങ്ങളും അവർക്ക് നൽകിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. സൊസൈറ്റിയുടെ പ്രവർത്തനമികവ് മൂലമാണ് കൂടുതൽ കരാറുകൾ അവർക്ക് ലഭിക്കുന്നതെന്നും, വർക്ക് ലോഡ് വർദ്ധിച്ചതാണ് നിലവിലെ സാഹചര്യങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഊരാളുങ്കൽ സൊസൈറ്റിയുടെ കുത്തക ഒഴിവാക്കുമോയെന്ന് വി ടി ബലറാം സഭയിൽ ചോദിച്ചു. കഴിഞ്ഞ പത്തുവർഷമായി വലിയൊരു വിഭാഗം പ്രവൃത്തികൾ സൊസൈറ്റിക്ക് മാത്രമായി ലഭിക്കുന്നുണ്ടെന്നും, ഇത് കുത്തകവൽക്കരണത്തിന് വഴിവെക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവൃത്തികൾ നിജപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പി കെ ബഷീർ മറുപടി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

