‘ശസ്ത്രക്രിയ ചെയ്താല്‍ തുന്നിക്കൂട്ടാനുള്ള നൂലു പോലും ഇല്ല, പുറത്തുപറയാൻ എല്ലാവർക്കും പേടി; മന്ത്രി ഡോക്ടറെ വിരട്ടാൻ ശ്രമിച്ചു’
കൊച്ചി ∙ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞത് കാലങ്ങളായി പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന പ്രചാരണങ്ങളല്ല യഥാർഥ ആരോഗ്യ കേരളം. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്.
ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ യുഡിഎഫ് ആരോഗ്യ കമ്മിഷനെ നിയോഗിക്കും. ആരോഗ്യ കോണ്‍ക്ലേവും സംഘടിപ്പിക്കുമെന്നും സതീശൻ പറഞ്ഞു.
Also Read
ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളി വിഭാഗം മേധാവി ഡോ.
ഹാരിസ് നടത്തിയത്. നിയമസഭയിലും നിയമസഭയ്ക്ക് പുറത്തും നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കാലത്തും പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് മെഡിക്കല്‍ കേളജിലെ വകുപ്പ് മേധാവിയില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്.
എല്ലാ മെഡിക്കല്‍ കേളജുകളിലും ഇതു തന്നെയാണ് അവസ്ഥ. ശസ്ത്രക്രിയ ചെയ്താല്‍ തുന്നിക്കൂട്ടാനുള്ള നൂലു പോലും ഇല്ലാത്ത മെഡിക്കല്‍ കേളജുകള്‍ കേരളത്തിലുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ല. ഇരന്നു മടുത്തെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
സാധാരണക്കാരായ രോഗികള്‍ കടം വാങ്ങിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്. രോഗി തന്നെ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി എത്തേണ്ട
അവസ്ഥയാണ്. നിരവധി ശസ്ത്രക്രിയകളാണ് മുടങ്ങിയത്.
ഇത് കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും അവസ്ഥയാണെന്നും സതീശൻ പറഞ്ഞു.
Also Read
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും ജെഎസ്എസ്കെയും നിലച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനു കോടികള്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കിട്ടാതായത്.
കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് മരുന്ന് വിതരണ കമ്പനികള്‍ 30 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്. പല കമ്പനികളും മരുന്നിന്റെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിര്‍ത്തി.
മരുന്നിന്റെയും സര്‍ജിക്കല്‍ ഉപകരണങ്ങളുടെയും ക്ഷാമം സംബന്ധിച്ച വിഷയം 2025 മാര്‍ച്ചില്‍ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചിട്ടും നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. റിപ്പോര്‍ട്ട് തേടുമെന്നാണ് മന്ത്രി പറയുന്നത്.
ഇതേ ആരോഗ്യമന്ത്രി തേടിയ റിപ്പോര്‍ട്ടുകള്‍ കൂട്ടിവച്ചാല്‍ നിരവധി വോള്യങ്ങള്‍ വേണ്ടിവരും. ഇത് സ്ഥിരം പരിപാടിയാണ്.
കോവിഡ് കാലത്ത് മരണം മറച്ചു വച്ചെന്ന് പറഞ്ഞപ്പോള്‍ ചക്ക വീണ് ചത്തതൊന്നും കോവിഡ് മരണത്തില്‍ കൂട്ടില്ലെന്നാണ് ആരോഗ്യമന്ത്രി മറുപടി നല്‍കിയത്. അതിനു ശേഷം സര്‍ക്കാര്‍ മറച്ചു വച്ച 27000 കോവിഡ് മരണങ്ങള് പുറത്തുവന്നു.
ഇപ്പോള്‍ ആരോഗ്യ വകുപ്പിനാണ് ചികിത്സ വേണ്ടത്. കോവിഡ് കാലത്ത് കൊള്ള നടത്തി.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ പോലും വിതരണം ചെയ്തു. പ്രതിപക്ഷത്തിന്റെ ആരോപണം സിഎജിയും ശരിവച്ചുവെന്നും സതീശൻ പറഞ്ഞു.
Also Read
എല്ലാ പകര്‍ച്ചവ്യാധികളും കേരളത്തിലുണ്ട്.
അത് തടയാനുള്ള ഒരു സംവിധാനവുമില്ല. കോവിഡിനു ശേഷം മരണ നിരക്ക് കൂടിയിട്ടും അതേക്കുറിച്ച് ഒരു പഠനവുമില്ല.
പ്രതിപക്ഷം ഇക്കാര്യം പറഞ്ഞപ്പോള്‍ ശാസ്ത്രീയമായ അടിത്തറയില്ലെന്നാണ് മന്ത്രി പറഞ്ഞത്. ആരോഗ്യ രംഗത്തെ മെച്ചപ്പെടുത്താനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നില്ല.
കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി യുഡിഎഫ് നിയോഗിക്കുന്ന ആരോഗ്യ കമ്മിഷന് നാളെ മുതല്‍ നിലവില്‍ വരും. ജൂലൈ മാസത്തില്‍ തന്നെ ആരോഗ്യ കോണ്‍ക്ലേവും ചേരും.
ഇതിനു ശേഷം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. പ്രതിപക്ഷം നിരന്തരമായ ആരോഗ്യ മേഖലയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തലെന്നും സതീശൻ പറഞ്ഞു. ‘‘കേരളം ധനപ്രതിസന്ധിയിലാണെന്ന് പറയുന്നത് വികസന വിരോധികളാണെന്നാണ് മുഖ്യമന്ത്രി നിലമ്പൂരില്‍ പറഞ്ഞത്.
പാവപ്പെട്ടവരില്‍ പാവപ്പെട്ടവന് മരുന്നും നൂലുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ പോകേണ്ട അവസ്ഥയാണ്.
ഈ സര്‍ക്കാരിന്റെ മുന്‍ഗണനാക്രമം എന്താണ്? പുരോഗതി കാണിക്കാനാണ് മന്ത്രി 15 വര്‍ഷം മുന്‍പുള്ള കണക്കുമായി താരതമ്യം ചെയ്യുന്നത്. പുറത്തു പറയാന്‍ എല്ലാവര്ക്കും പേടിയാണ്.
ആദ്യം മന്ത്രി ഡോക്ടറെ വിരട്ടാന്‍ ശ്രമിച്ചു. എല്‍ഡിഎഫ് സഹയാത്രികനാണ് ഡോക്ടര്‍.
അതേ ആളാണ് ആരോപണം ഉന്നയിച്ചത്. അല്ലാതെ ഈ പോസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ല.
സമ്മര്‍ദ്ദത്തെ തുടര്‍ന്നാകും ഡോക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. എന്നാല്‍ ഇന്നലെ പറഞ്ഞതിനേക്കാള്‍ ശക്തിയിലാണ് അദ്ദേഹം ഇന്ന് പറഞ്ഞത്.
മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും ഇല്ലെന്നത് യാഥാർഥ്യമാണ്. പ്രതിപക്ഷം ഈ വിഷയങ്ങള്‍ ഉന്നയിച്ചപ്പോഴും പരിഹാസത്തോടെയുള്ള മറുപടിയാണ് മന്ത്രി നല്‍കുന്നത്.
മന്ത്രിയുടെ മറുപടി തൃപ്തികരമല്ല. ഒളിച്ചോടാനാണ് ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

