കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ വ്യക്തിത്വവും മുൻ പൊതുമരാമത്ത് മന്ത്രിയും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായിരുന്ന ടി.യു. കുരുവിള (90) അന്തരിച്ചു.
ന്യൂമോണിയ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
രാഷ്ട്രീയ ജീവിതം
2006-ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പി.ജെ.
ജോസഫ് പടിയിറങ്ങിയ ഒഴിവിലാണ് ടി.യു. കുരുവിള പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റത്.
കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്ന് 2006-ലും 2011-ലും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കർഷക നേതാവായും മികച്ച സംഘാടകനായും രാഷ്ട്രീയ കേരളത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം കേരള കോൺഗ്രസിന്റെ കരുത്തനായ നേതാക്കളിലൊരാളായിരുന്നു.
പൊതുരംഗത്തെ സംഭാവനകൾ
1936 സെപ്റ്റംബർ 13-ന് കോതമംഗലം ഊന്നുകല്ലിലാണ് അദ്ദേഹം ജനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം കീരംപാറ പഞ്ചായത്ത് പ്രസിഡന്റായി 14 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ചെയർമാൻ, പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, റബർ ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. യാക്കോബായ സുറിയാനി സഭയുടെ മുൻ അൽമായ സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് സഭയുടെ പരമോന്നത ബഹുമതിയായ ‘ഷെവലിയാർ’ പദവി ലഭിച്ചിട്ടുണ്ട്.
കോതമംഗലം ചേലാട് തോമ്പ്രയിൽ ഉതുപ്പിന്റെയും മറിയത്തിന്റെയും മകനാണ്. കീരമ്പാറ, വടവുകോട്, തിരുവല്ല എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, ആലപ്പുഴ കാർമൽ പോളിടെക്നിക്കിൽ നിന്ന് എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയിട്ടുണ്ട്.
ചിന്നമ്മയാണ് ഭാര്യ. റീന, രേണു, റെമി, ഡോ.
രേഖ, എൽദോ എന്നിവരാണ് മക്കൾ. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

