കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങൾ ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നു.
നിലവിലെ ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ കഫേ കോഫി ഡേയുടെ ഓഹരികൾ വൻ നേട്ടം കൈവരിച്ചു.
വ്യാപാരത്തിനിടെ ഓഹരിവില 20 ശതമാനം ഉയർന്ന് അപ്പർ-സർക്യൂട്ടിലെത്തി. ഓഹരികളുടെ വിലയിലെ അമിതമായ ചാഞ്ചാട്ടം തടയുന്നതിനുള്ള നിയന്ത്രണ സംവിധാനമാണ് അപ്പർ സർക്യൂട്ട്.
ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന കാരണമായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് ഡി.കെ. ശിവകുമാറും കഫേ കോഫി ഡേയുടെ പ്രൊമോട്ടർ കുടുംബവും തമ്മിലുള്ള അടുപ്പമാണ്.
ഡി.കെ. ശിവകുമാറിന്റെ മകൾ ഐശ്വര്യ വിവാഹം കഴിച്ചിരിക്കുന്നത് കഫേ കോഫി ഡേയുടെ അന്തരിച്ച സ്ഥാപകൻ വി.ജി.
സിദ്ധാർഥയുടെ മകൻ അമർത്യ ഹെഗ്ഡേയെയാണ്. ഈ കുടുംബബന്ധമാണ് ഓഹരി വിപണിയിലെ നിക്ഷേപകരിൽ വലിയ ആത്മവിശ്വാസം പകർന്നിരിക്കുന്നത്.
നീണ്ടകാലമായി നഷ്ടത്തിലായിരുന്ന കമ്പനിയുടെ ഓഹരികൾക്ക് ഈ രാഷ്ട്രീയ സാഹചര്യം വലിയ ഉത്തേജനമാണ് നൽകിയത്. 2025 സെപ്റ്റംബർ ഒന്നാം തീയതി 51.46 രൂപയായിരുന്നു കമ്പനിയുടെ കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും ഉയർന്ന ഓഹരിവില.
ഈ വർഷം മാർച്ചിൽ ഓഹരിവില 21 രൂപ വരെ താഴുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 5 ശതമാനത്തിൽ താഴെ മാത്രമാണ് ഓഹരിവിലയിൽ വർധനവുണ്ടായിരുന്നത്.
2026-ൽ ഇതുവരെ 3 ശതമാനം ഇടിവും രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഒറ്റദിവസം കൊണ്ട് ഉണ്ടായ കുതിപ്പ് ഈ ആഴ്ചയിലെ ആകെ നേട്ടം 42 ശതമാനത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
നിലവിൽ 734 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. സാമ്പത്തിക പ്രകടനത്തിലും കമ്പനി ശ്രദ്ധേയമായ വളർച്ചയാണ് കാഴ്ചവെക്കുന്നത്.
ജനുവരി-മാർച്ച് പാദത്തിൽ 132.07 കോടി രൂപയുടെ ലാഭം കമ്പനി നേടിയിരുന്നു. മുൻവർഷം ഇതേ കാലയളവിൽ 114.16 കോടി രൂപയുടെ നഷ്ടമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
പ്രവർത്തന വരുമാനം മുൻവർഷത്തെ 268.03 കോടിയിൽ നിന്ന് 4.6 ശതമാനം വർധിച്ച് 280.51 കോടി രൂപയായും ഉയർന്നു. നിക്ഷേപകർ ശ്രദ്ധിക്കുക: ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട്, ക്രിപ്റ്റോകറൻസി, ഐപിഒ, സ്വർണം തുടങ്ങിയവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല.
നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സ്വന്തം നിലയിൽ പഠനങ്ങൾ നടത്തുകയോ വിദഗ്ധ ഉപദേശം തേടുകയോ ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

