ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലെ മികച്ച പ്രകടനം കണക്കിലെടുത്ത് റഷ്യയിൽ നിന്ന് കൂടുതൽ എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന എസ് 400-ന്റെ അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം.
ഈ ഇടപാട് ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമാകുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. സംവിധാനത്തിനൊപ്പം ആവശ്യമായ മിസൈലുകളും വാങ്ങുമെന്നാണ് സൂചന.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഇത് സംബന്ധിച്ച കൂടുതൽ ചർച്ചകൾ ഉണ്ടായേക്കും. ഇന്ത്യ നിലവിൽ ഈ റഷ്യൻ പ്രതിരോധ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
പാകിസ്ഥാൻ, ചൈന അതിർത്തികളിലാണ് എസ് 400 വിന്യസിച്ചിട്ടുള്ളത്. പുതുതായി വാങ്ങുന്ന യൂണിറ്റുകൾ ചൈനീസ് അതിർത്തിയിൽ സ്ഥാപിക്കാനാണ് സാധ്യത.
‘സുദർശൻ ചക്ര’ എന്നാണ് ഇന്ത്യ ഈ സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാന്റെ ജെ-10 വിമാനങ്ങളെ എസ് 400 വിജയകരമായി തകർത്തതായി റിപ്പോർട്ടുകളുണ്ട്.
ഇന്ത്യ-പാക് സംഘർഷത്തിനിടെയാണ് എസ് 400 അതിന്റെ കാര്യക്ഷമത പൂർണമായി തെളിയിച്ചത്. അതിവേഗം വിന്യസിക്കാനും തിരിച്ചടിക്കാനും കഴിയുന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
2018-ലാണ് അഞ്ച് എസ് 400 യൂണിറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി ആദ്യ കരാർ ഒപ്പുവെച്ചത്. ഈ കരാർ പ്രകാരമുള്ള രണ്ട് യൂണിറ്റുകൾ കൂടി ഇന്ത്യക്ക് ലഭിക്കാനുണ്ട്.
2027-ഓടെ ഇവ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. റഷ്യയിലെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോ വികസിപ്പിച്ചെടുത്ത എസ് 400, ലോകത്തിലെ ഏറ്റവും ശക്തമായ ഉപരിതല മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ്.
2007-ൽ പുറത്തിറക്കിയ ഈ സംവിധാനത്തിന് യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ, റഡാറുകളെ വെട്ടിച്ചുപോകുന്ന സ്റ്റെൽത്ത് വിമാനങ്ങൾ തുടങ്ങി വിവിധതരം വ്യോമ ഭീഷണികളെ ഒരേസമയം നേരിടാൻ സാധിക്കും. അത്യാധുനിക റഡാറുകളും മിസൈൽ ലോഞ്ചറുകളും ഉൾക്കൊള്ളുന്നതാണ് എസ് 400.
ഇതിന്റെ മൾട്ടിഫംഗ്ഷൻ റഡാർ സംവിധാനത്തിൽ ‘ഗ്രേവ് സ്റ്റോൺ’ ട്രാക്കിംഗ് റഡാറും ‘ചീസ് ബോർഡ്’ അക്വിസിഷൻ റഡാറും ഉൾപ്പെടുന്നു. 360 ഡിഗ്രി നിരീക്ഷണം സാധ്യമാക്കുന്ന ഈ റഡാറുകൾക്ക് 600 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ വരെ കണ്ടെത്താനാകും.
ഒരേ സമയം 300 ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും അവയിൽ 30-ൽ അധികം ഭീഷണികളെ നേരിടാനും എസ് 400-ന് ശേഷിയുണ്ട്. അതിവേഗത്തിലുള്ള വിന്യാസമാണ് എസ് 400-ന്റെ മറ്റൊരു പ്രധാന സവിശേഷത.
സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ അഞ്ച് മിനിറ്റിനകത്തും സ്റ്റാൻഡ്ബൈ മോഡിൽ നിന്ന് വെറും 35 സെക്കൻഡിനുള്ളിലും ഇതിന് പ്രവർത്തനസജ്ജമാകാൻ കഴിയും. റോഡുകളിൽ മണിക്കൂറിൽ 60 കിലോമീറ്ററും ഓഫ് റോഡിൽ 25 കിലോമീറ്ററും വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള കരുത്തുറ്റ ട്രെയിലർ വാഹനങ്ങളിലാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്.
ശത്രുക്കളുടെ ജാമിംഗ് സംവിധാനങ്ങളെയും സ്റ്റെൽത്ത് സാങ്കേതികവിദ്യയെയും മറികടക്കാനുള്ള കഴിവും ഈ വ്യോമ പ്രതിരോധ സംവിധാനത്തിനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

