ഡിജിറ്റൽ രംഗത്തെ വാർത്താവിനിമയവും ജനങ്ങളുമായുള്ള ആശയവിനിമയവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി പുതിയ ഏജൻസിയെ നിയമിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പോഡ്കാസ്റ്റുകൾ നിർമ്മിക്കുക, ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുക, ഓൺലൈൻ സംഭാഷണങ്ങൾ നിരീക്ഷിക്കുക, പൊതുജനങ്ങളുടെ സംശയങ്ങൾക്കും പ്രതികരണങ്ങൾക്കും മറുപടി നൽകുക തുടങ്ങിയ സുപ്രധാന ചുമതലകൾക്കായിരിക്കും ഈ ഏജൻസിയെ ചുമതലപ്പെടുത്തുക.
24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ തന്ത്രങ്ങൾ ആവിഷ്കരിക്കുക, വിവിധ പ്ലാറ്റ്ഫോമുകൾക്കായി ക്രിയേറ്റീവുകൾ തയ്യാറാക്കുക, വിശകലനം നടത്തുക, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയും ഈ കരാറിന്റെ ഭാഗമായിരിക്കുമെന്ന് ആർ.ബി.ഐ വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യങ്ങളിലോ ക്രിയേറ്റീവ് വിഷയങ്ങളിലോ പ്രൊഫൈൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യേണ്ടിവന്നാൽ അതിനുള്ള നടപടികളും ഏജൻസി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
ഇതുസംബന്ധിച്ച ടെൻഡർ നടപടികൾ ഒക്ടോബർ 7-നാണ് ആരംഭിച്ചത്. താത്പര്യമുള്ള സ്ഥാപനങ്ങൾക്ക് നവംബർ 6 ഉച്ചയ്ക്ക് 12 മണിവരെ ബിഡുകൾ സമർപ്പിക്കാം.
തുടർന്ന് നവംബർ 9 ഉച്ചയ്ക്ക് 12 മണിക്ക് ബിഡുകൾ തുറന്ന് പരിശോധിക്കും. ടെക്നിക്കൽ, കൊമേഴ്സ്യൽ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് ബിഡ്ഡിംഗ് പ്രക്രിയ നടക്കുക.
ടെക്നിക്കൽ മൂല്യനിർണ്ണയത്തിൽ യോഗ്യത നേടുന്ന സ്ഥാപനങ്ങളിൽ നിന്ന് ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന ഏജൻസിക്കായിരിക്കും കരാർ ലഭിക്കുക. സെൻട്രൽ പബ്ലിക് പ്രൊക്യൂർമെന്റ് പോർട്ടൽ വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.
ടെൻഡർ നടപടികളുടെ സുതാര്യത പൂർണ്ണമായി ഉറപ്പുവരുത്തുന്നതിനായി മുൻ ഐ.ആർ.എസ്. ഉദ്യോഗസ്ഥനായ നാഗേശ്വർ റാവു കൊറിപ്പല്ലി, മുൻ ഐ.പി.എസ്.
ഉദ്യോഗസ്ഥനായ പ്രമോദ് ശ്രീപദ് ഫൽനികർ എന്നിവരെ സ്വതന്ത്ര എക്സ്റ്റേണൽ മോണിറ്റർമാരായി ആർ.ബി.ഐ നിയമിച്ചിട്ടുണ്ട്. എന്നാൽ കരാർ തുകയോ കൃത്യമായ കാലാവധിയോ ടെൻഡർ നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

