തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വസ്തുക്കൾ കടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവല്ലം സ്വദേശിയായ അഭിജിത്ത് (24) ആണ് എട്ട് കിലോയിൽ പരം കഞ്ചാവുമായി തിരുവനന്തപുരം സിറ്റി പൊലീസ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആന്ധ്രാ പ്രദേശിൽ നിന്നും ട്രെയിൻ മാർഗം തലസ്ഥാനത്തേക്ക് കഞ്ചാവ് എത്തിച്ച ശേഷം സ്റ്റേഷനിൽ നിന്നും കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
അഭിജിത്ത് ലഹരിവസ്തുക്കൾ കടത്തുന്നതായി തിരുവനന്തപുരം സിറ്റി പൊലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് പ്രതി കുടുങ്ങിയത്.
കോവളം, തിരുവല്ലം, ബീമാപള്ളി തുടങ്ങിയ തിരുവനന്തപുരത്തെ പ്രധാന തീരദേശ മേഖലകളിലെത്തുന്ന വിനോദസഞ്ചാരികളെയും പ്രദേശത്തെ യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്ക് ലഹരിക്കടത്തിൽ സഹായം നൽകിയ മറ്റ് വ്യക്തികളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതടക്കമുള്ള തുടർ നടപടികൾക്കായി തമ്പാനൂർ പൊലീസിന് കൈമാറുമെന്ന് ഡാൻസാഫ് സംഘം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

