നിർമ്മിത ബുദ്ധി (AI) ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് മനുഷ്യരുടെ സർഗാത്മകവും മൗലികവുമായ എഴുത്തുശേഷിയെ പ്രതികൂലമായി ബാധിക്കുന്നതായി ജിപിടി സീറോ (GPTZero) സഹസ്ഥാപകൻ എഡ്വേർഡ് ടിയാൻ വ്യക്തമാക്കി. അന്തർജാലത്തിൽ മനുഷ്യർ സ്വന്തമായി തയ്യാറാക്കുന്ന ഉള്ളടക്കങ്ങൾ നിലനിൽക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
എഐ ഉപയോഗത്തെ പൂർണ്ണമായി എതിർക്കുകയല്ല, മറിച്ച് അതിന്റെ പ്രയോഗത്തിൽ ആധികാരികതയും സത്യസന്ധതയും ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച കണ്ടന്റുകൾ വേർതിരിച്ചറിയാൻ സഹായിക്കുന്ന സംവിധാനമാണ് ജിപിടി സീറോ.
സഹസ്ഥാപകനായ അലക്സാണ്ടർ ക്യൂയിയുമായി ചേർന്ന് പ്രിൻസ്റ്റൺ സർവകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ 2023 ജനുവരിയിലാണ് അദ്ദേഹം ഈ സംരംഭത്തിന് തുടക്കമിട്ടത്. പദ്ധതിക്ക് വൻ ജനപ്രീതി ലഭിച്ചതിനെ തുടർന്ന് ആദ്യഘട്ട
നിക്ഷേപമായി ഏകദേശം 35 ലക്ഷം ഡോളർ സമാഹരിക്കാൻ ഇവർക്ക് സാധിച്ചു. തുടർന്ന് ജിപിടി സീറോയെ സൂപ്പർഹ്യൂമൻ ഏറ്റെടുക്കുകയും, നിലവിൽ സൂപ്പർഹ്യൂമനിൽ പ്രൊഡക്ട് ഡയറക്ടറായി എഡ്വേർഡ് ടിയാൻ പ്രവർത്തിച്ചുവരികയും ചെയ്യുന്നു.
എഐ ഉപയോഗിക്കുന്നതിനെതിരെ പ്രവർത്തിക്കുക എന്നതായിരുന്നില്ല ഈ ടൂൾ നിർമ്മിച്ചതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എങ്കിലും ചാറ്റ്ജിപിടിയുടെ കടന്നുവരവോടെ എഴുത്തിനായി ഈ സാങ്കേതികവിദ്യയെ അന്ധമായി ആശ്രയിക്കുന്ന പ്രവണത വർധിച്ചിട്ടുണ്ടെന്നും ഇത് തൊഴിലിടങ്ങളിൽ പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്വന്തമായി ചിന്തിച്ചെഴുതാനും മറ്റുള്ളവരുടെ രചനകൾ തിരുത്താനും കഴിയാത്ത സാഹചര്യം ജോലിയെ സാരമായി ബാധിക്കുന്നുണ്ട്. എഐ ടൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്.
എങ്കിലും, ഇന്റർനെറ്റിൽ മനുഷ്യർ നേരിട്ട് തയ്യാറാക്കുന്ന ഉള്ളടക്കങ്ങളുടെ ലഭ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. മാനവിക വിഷയങ്ങളിലൂടെയും മനുഷ്യരുടെ ചിന്താശേഷി, എഴുത്ത്, ആശയവിനിമയം തുടങ്ങിയ കഴിവുകൾ പരിപോഷിപ്പിക്കുന്നതിലൂടെയും ലഭിക്കുന്ന പരിശീലനത്തിന് ഇന്നത്തെ സാഹചര്യത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും എഡ്വേർഡ് ടിയാൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

