കോട്ടയത്തെ ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കാര്യാലയത്തിൽ ജലവിതരണ ടാങ്കിന്റെ വാൽവ് തകരാറിലായതിനെ തുടർന്ന് ഓഫിസുകളിൽ വെള്ളം കയറി. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്.
മൂന്നാം നിലയിൽ സ്ഥാപിച്ചിരുന്ന ടാങ്കിന്റെ വാൽവാണ് തകരാറിലായത്. ഇതിനെത്തുടർന്ന് രണ്ട്, മൂന്ന് നിലകളിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു.
ഓഫിസുകളിൽ കാൽപാദം മൂടുന്ന രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തുടർന്ന് ജീവനക്കാരുടെ മൂന്നു മണിക്കൂർ നീണ്ട
പരിശ്രമത്തിനൊടുവിലാണ് വെള്ളം കോരിമാറ്റിയത്. ഓഫിസിൽ സൂക്ഷിച്ചിരുന്ന പ്രധാന ഫയലുകളെല്ലാം നനഞ്ഞു നശിച്ചു.
നിലവിൽ കെട്ടിടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മൂന്നാം നിലയിലും ഗ്രൗണ്ട് ഫ്ലോറിലുമാണ് പ്രധാനമായും വെള്ളക്കെട്ടുണ്ടായത്.
ഇതിനിടയിലും രണ്ടാം നിലയിൽ വെള്ളം നിറഞ്ഞ ഭാഗത്തിരുന്ന് ജല അതോറിറ്റി അധികൃതർ നാലുപേരുടെ അഭിമുഖം നടത്തി. എന്നാൽ, ടാങ്കിന് തകരാർ സംഭവിക്കാനുണ്ടായ കാരണം വ്യക്തമാക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല.
1961-ലാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. അടുത്തിടെയാണ് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് നടത്തി ബലപ്പെടുത്തിയത്.
കെട്ടിടത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് താഴത്തെ നിലകളിലെ ചില ഭാഗങ്ങളിൽ ചോർച്ചയും അനുഭവപ്പെട്ടു. വെള്ളം കയറിയ വിവിധ ഓഫിസുകൾ:
∙ വാട്ടർ കണക്ഷൻ സബ് ഡിവിഷൻ ഓഫിസ്
∙ പിഎച്ച് സബ് ഡിവിഷൻ ഓഫിസ്
∙ അസി എൻജിനീയർ പിഎച്ച് സെക്ഷൻ ഓഫിസ്
∙ പിഎച്ച് സബ് ഡിവിഷൻ ഡ്രോയിങ് ഓഫിസ്
∙ അസിസ്റ്റന്റ് എൻജിനീയർ വാട്ടർ സെക്ഷൻ ഓഫിസ്
∙ വാട്ടർ വർക്സ് സെക്ഷൻ ഓഫിസ്
∙ എക്സിക്യൂട്ടീവ് എൻജിനീയർ പ്രൊജക്ട് ഡിവിഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

