നാട്ടികയിലെ ഒരു വീട്ടുമുറ്റം ഇന്നലെ സന്തോഷത്തിന്റെയും ആവേശത്തിന്റെയും ആരവങ്ങളാൽ മുഖരിതമായിരുന്നു. കുഞ്ഞുമുറ്റത്ത് സജ്ജീകരിച്ചിരുന്ന വലിയ സ്ക്രീനിൽ നാടിന്റെ പ്രിയപുത്രിയുടെ പ്രകടനം കണ്ടപ്പോൾ നാട്ടുകാരുടെ ഉള്ളിൽ ആഹ്ലാദമൊഴുകി.
ഇന്നലെ ഇന്ത്യൻ സമയം 3.25ന് ഏഷ്യൻ ഗെയിംസ് വനിതാവിഭാഗം ലോങ്ജംപ് മത്സരം ആരംഭിച്ചപ്പോൾ ദൂരെ നിന്നിരുന്നവർ പോലും കയ്യടിയോടെ ആ മുറ്റത്തേക്ക് ഓടിയെത്തി. പതിവ് ആത്മവിശ്വാസത്തോടെയുള്ള ചിരിയുമായാണ് ആൻസി സോജൻ കളത്തിലിറങ്ങിയത്.
ചാട്ടത്തിനു തൊട്ടുമുൻപ് ഗാലറിയോടുള്ള അവളുടെ നിർദേശപ്രകാരം, നാട്ടിലെ അവളുടെ സ്വന്തം ഗാലറിയായ വീട്ടുമുറ്റവും അതിനായി ഒരുങ്ങിയിരുന്നു. ‘ആൻസീ, ആൻസീ..’ എന്ന ആർപ്പുവിളികൾക്കിടയിൽ 6.49 മീറ്റർ ദൂരചാടിയാണ് താരം തുടക്കം കുറിച്ചത്.
ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ ആൻസി തന്നെയായിരുന്നു പട്ടികയിൽ മുന്നിൽ. രണ്ടാമത്തെ ശ്രമം ഫൗളായെങ്കിലും അവിടെയെത്തിയിരുന്ന ആരും നിരാശരായില്ല.
എന്നാൽ, അഞ്ചാം ശ്രമത്തിൽ ചൈനീസ് താരം ഹുവാങ് 6.49 മീറ്റർ മറികടന്നതോടെ അന്തരീക്ഷത്തിൽ ചെറിയൊരു പിരിമുറുക്കം ഉടലെടുത്തു. അഞ്ചാം റൗണ്ടിൽ ആൻസി വീണ്ടും മികച്ച ലീഡ് നേടിയതോടെ ഏവരും ആശ്വാസത്തോടെ നെടുവീർപ്പിട്ടു.
തുടർന്ന് അവസാന റൗണ്ടിന് തൊട്ടുമുൻപുള്ള ചൈനീസ് താരത്തിന്റെ ജംപ് വന്നപ്പോൾ നാട്ടുകാരുടെ ഹൃദയമിടിപ്പ് ഉയർന്നു. എല്ലാവരുടെയും കണ്ണുകൾ വലിയ സ്ക്രീനിലായിരുന്നു.
6.55 മീറ്റർ ചാടി ഹുവാങ് ലീഡ് പിടിച്ചു. ഒടുവിൽ ആൻസിയുടെ നിർണായകമായ അവസാന ജംപ് പൂർത്തിയായതോടെ ‘യേസ്, സിൽവർ സിൽവർ’ എന്ന് ഉറക്കെ ആർത്തുവിളിച്ച് ഏവരും ആഹ്ലാദത്താൽ എഴുന്നേറ്റു.
വിജയവാർത്ത പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവർത്തകരും ക്യാമറകളുമായി താരത്തിന്റെ മാതാപിതാക്കളുടെ അരികിലേക്ക് എത്തി. “രാജ്യത്തിന് വേണ്ടി മെഡൽ നേടാനായല്ലോ!
അവളുടെ ആദ്യ ഗുരു കണ്ണൻ മാഷ് പ്രവചിച്ചിട്ടുണ്ട്, അവൾ ഒരിക്കൽ 7 മീറ്റർ താണ്ടുമെന്ന്. അതാണ് ലക്ഷ്യം,” എന്ന് അച്ഛൻ സോജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതീവ സന്തോഷത്തിലാണെന്ന് അമ്മ ജാൻസിയും അപ്പാപ്പനും ഒരേ സ്വരത്തിൽ പറഞ്ഞു. പിന്നീട് മുഖ്യമന്ത്രിയുടെയും വിവിധ മന്ത്രിമാരുടെയും അഭിനന്ദന പ്രവാഹമായിരുന്നു.
നാട്ടിക എംഎൽഎ ഗീതാ ഗോപി, സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ തുടങ്ങിയ പ്രമുഖരും നേരിട്ടെത്തി കുടുംബത്തിന് ആശംസകൾ അറിയിച്ചു. നാടിന്റെ അഭിമാനനേട്ടത്തിന്റെ സന്തോഷത്തിൽ നാട്ടുകാർ പടക്കം പൊട്ടിക്കുകയും കേക്കും ലഡുവും വിതരണം ചെയ്യുകയും ചെയ്തു.
അങ്ങനെ നാട്ടികയിലെ ആ വീട്ടുമുറ്റത്തെ മണൽത്തരികൾക്കിപ്പോൾ തിളക്കമേറിയ വെള്ളിപ്പകിട്ടാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

