പ്രമുഖ സംവിധായകൻ നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ റിലീസിന് മുന്നേ തന്നെ ചലച്ചിത്ര ലോകത്ത് വലിയ ചർച്ചയാകുന്നു. 2026 നവംബർ 5-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം ആഗോള തലത്തിൽ ഇതുവരെ 25 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമായ ‘മേം രാം’ എന്നതിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സംഗീത മാന്ത്രികൻ എ.ആർ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്.
ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂർ എത്തുമ്പോൾ, സീതാദേവിയായി വേഷമിടുന്നത് സായ് പല്ലവിയാണ്. രാവണന്റെ വേഷത്തിൽ എത്തുന്നത് പ്രമുഖ താരം യഷാണ്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ചിത്രത്തിന്റെ ഒഫിഷ്യൽ റിലീസ് ഡേറ്റ് പോസ്റ്ററും ട്രെയിലറും ഇതിനകം തന്നെ വലിയ കാഴ്ചക്കാരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ മലയാളികളുടെ പ്രിയതാരം ശോഭന കൈകേയിയായും, അരുൺ ഗോവിൽ ദശരഥ മഹാരാജാവായും വേഷമിടുന്നു.
ലക്ഷ്മണനായി രവി ദുബെയും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും, ഇന്ദ്രദേവനായി കുനാൽ കപൂറും, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും വരുന്നുണ്ട്. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ റഹ്മാനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീധർ രാഘവൻ ആണ്. പി.ആർ.ഒ ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

