ആഗോള വിപണിയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് തന്റെ ആദ്യ ‘ജാക്സൺ ഹോൾ സിംപോസിയം’ പ്രഭാഷണം നടത്തി. പണപ്പെരുപ്പമാണ് നിലവിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കുന്ന നടപടികളിലേക്ക് ഫെഡറൽ റിസർവ് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതോടെ ആഗോള സാമ്പത്തിക രംഗത്ത് വലിയ ചലനങ്ങളാണുണ്ടായത്.
ഈ പ്രഖ്യാപനത്തിന് പിന്നാലെ ഡോളറും ബോണ്ട് യീൽഡും കുതിച്ചുയർന്നപ്പോൾ, സ്വർണവിലയും യുഎസ് ഓഹരി വിപണികളും കനത്ത തിരിച്ചടി നേരിട്ടു. ലോകമെമ്പാടുമുള്ള കേന്ദ്രബാങ്ക് മേധാവികളും സാമ്പത്തിക വിദഗ്ധരും പങ്കെടുക്കുന്ന വാർഷിക വേദിയാണ് ജാക്സൺ ഹോൾ സിംപോസിയം.
നിയന്ത്രണാതീതമായി ഉയരുന്ന വിലക്കയറ്റത്തെ പ്രതിരോധിക്കുകയാണ് ഫെഡറൽ റിസർവിന്റെ പ്രധാന ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തൻ കൂടിയായ കെവിൻ വാർഷ് തന്റെ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. പണപ്പെരുപ്പം 2 ശതമാനമെന്ന സുരക്ഷിത പരിധിയിലേക്ക് തിരികെ കൊണ്ടുവരുക എന്നതാണ് ലക്ഷ്യം.
ജൂലൈ മാസത്തിൽ ഇത് 3.7 ശതമാനമായിരുന്നു. 2 ശതമാനം എന്ന ലക്ഷ്യത്തിൽ മാറ്റമുണ്ടാകില്ലെന്ന് വാർഷ് വ്യക്തമാക്കിയതോടെ, വരാനിരിക്കുന്ന സെപ്റ്റംബറിലെ പണനയ നിർണയ യോഗത്തിൽ പലിശനിരക്ക് വർധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
പ്രഭാഷണത്തിന് പിന്നാലെ യൂറോ, യെൻ, പൗണ്ട് തുടങ്ങിയ ആഗോളതലത്തിലെ പ്രധാനപ്പെട്ട ആറ് കറൻസികൾക്കെതിരെ യുഎസ് ഡോളർ ഇൻഡക്സ് 0.51% വർധിച്ച് 99.66ൽ എത്തി.
യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി യീൽഡ് 0.054% ഉയർന്ന് 4.729 ശതമാനത്തിലുമെത്തി. ഡോളറും ബോണ്ടും മുന്നേറിയത് സ്വർണവിലയെ പ്രതികൂലമായി ബാധിച്ചു.
സ്വർണം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാകുന്നതും ബോണ്ട് യീൽഡ് കുതിച്ചുയരുന്നതിനാൽ നിക്ഷേപകർ ബോണ്ടുകളിലേക്ക് പണം മാറ്റുന്നതുമാണ് സ്വർണത്തിന് തിരിച്ചടിയായത്. നിക്ഷേപകർ സ്വർണം വിറ്റൊഴിഞ്ഞ് ബോണ്ടുകളിലേക്ക് നിക്ഷേപം ഒഴുക്കാൻ തുടങ്ങിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 125 ഡോളറിലധികം ഇടിഞ്ഞ് 4483 ഡോളറിലേക്കു വീണു.
ഒരുവേള 4467 ഡോളറിലേക്ക് കൂപ്പുകുത്തിയ ശേഷമാണ് വിപണി അൽപം പിടിച്ചുനിന്നത്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ കേരളത്തിൽ സ്വർണവിലയിൽ വലിയ ഇടിവുണ്ടാകാനാണ് സാധ്യത.
ഭാവിയിലും പലിശനിരക്ക് വർധിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ സ്വർണവില വരുംദിവസങ്ങളിൽ കൂടുതൽ സമ്മർദ്ദം നേരിട്ടേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

