ദോഹയിൽ കടലിൽ മീൻപിടുത്തത്തിനും മറ്റുമായി ചെറിയ ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന ഖത്തർ പൗരൻ സ്ഫോടക അവശിഷ്ടങ്ങൾ ശരീരത്തിൽ പതിച്ച് മരണപ്പെട്ടു. സംഭവത്തിൽ ഒരു അറബ് പൗരന് പരിക്കേൽക്കുകയും ചെയ്തു.
ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രദേശത്ത് നടന്ന സൈനിക നടപടിക്കിടെയുണ്ടായ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടം സംഭവിച്ചത്.
27-ാം തീയതി വൈകുന്നേരം കടലിലേക്ക് പോയ ബോട്ട്, നിശ്ചിത സമയമായിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് അധികൃതർ നടത്തിയ തിരച്ചിലിലാണ് ഇന്ന് ബോട്ട് കണ്ടെത്തിയത്. പരിക്കേറ്റ അറബ് സ്വദേശിയെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇതിനെത്തുടർന്ന് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അന്തരിച്ച ഖത്തർ പൗരന്റെ കുടുംബാംഗങ്ങൾക്ക് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. അതേസമയം, ഈ അപകടം ഹോർമൂസ് കടലിടുക്കിലെ നിലവിലെ സംഘർഷങ്ങളുമായോ, മറ്റ് സൈനിക നീക്കങ്ങളുമായോ ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിൽ മന്ത്രാലയം നിലവിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ഏത് വിഭാഗത്തിന്റെ സൈനിക നടപടിക്കിടെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ലെങ്കിലും, കൃത്യമായ അന്വേഷണം നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

