രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ രണ്ട് പ്രമുഖ സ്ഥാപനങ്ങളെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള നിർണായക തീരുമാനവുമായി ഇസ്രയേൽ സർക്കാർ. ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് (IAI), റഫേൽ അഡ്വാൻസ് ഡിഫൻസ് സിസ്റ്റംസ് എന്നീ കമ്പനികളെയാണ് യുഎസ് വിപണിയിൽ ലിസ്റ്റ് ചെയ്യാൻ സർക്കാർ ലക്ഷ്യമിടുന്നത്.
ആഗോളതലത്തിൽ ഏറെ ശ്രദ്ധേയമായ ആരോ, അയൺഡോം എന്നീ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ നിർമാതാക്കളാണ് ഈ കമ്പനികൾ. പ്രതിസന്ധികളും പരിഹാരവും
നേരത്തെ ഈ കമ്പനികൾ ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാത്രം ഐപിഒ നടത്താനാണ് പദ്ധതിയിട്ടിരുന്നത്.
എന്നാൽ, ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനികൾ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള രേഖകൾ പരസ്യപ്പെടുത്തണമെന്ന കർശന നിയമം തടസ്സമായി. ഇത് രാജ്യസുരക്ഷയെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയർന്നതോടെ നടപടികൾ വൈകി.
ഈ സാഹചര്യത്തിലാണ് യുഎസ് വിപണിയിൽ ആദ്യം ലിസ്റ്റ് ചെയ്ത ശേഷം ഇസ്രയേലിലേക്ക് മടങ്ങുന്ന രീതി കമ്പനികൾ സ്വീകരിക്കുന്നത്. വിദേശ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന കമ്പനികൾക്ക് ഇസ്രയേലിലെ വിപണിയിൽ കൂടുതൽ ഇളവുകൾ ലഭ്യമാകുന്ന പ്രത്യേക സംവിധാനമുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങളിൽ യുഎസ് അധികൃതരിൽ നിന്ന് കൂടുതൽ ഇളവുകൾ ലഭിക്കുമെന്നും ഇസ്രയേൽ ഭരണകൂടം പ്രതീക്ഷിക്കുന്നു. ഇത് സംബന്ധിച്ച ചർച്ചകൾക്കായി ഇസ്രയേൽ പ്രതിനിധികൾ ഉടൻ യുഎസിലേക്ക് യാത്ര തിരിക്കും.
സാമ്പത്തിക ലക്ഷ്യങ്ങൾ
ഈ വർഷം അവസാനത്തോടെ ഇരു കമ്പനികളിലുമുള്ള സർക്കാരിന്റെ 30 ശതമാനം ഓഹരികൾ വീതം വിൽക്കാനാണ് അധികൃതരുടെ തീരുമാനം. നിലവിലെ കണക്കുകൾ പ്രകാരം ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസിന്റെ മൂല്യം 3370 കോടി ഡോളറും, റഫേലിന്റെ മൂല്യം 2500 കോടി ഡോളറുമാണ്.
സമീപകാലത്തായി ഇരു കമ്പനികളും റെക്കോർഡ് വരുമാനമാണ് രേഖപ്പെടുത്തിയത്. നിലവിൽ 3000 കോടി ഡോളറിന്റെ ഓർഡറുകൾ ഐഎഐക്കും, 2000 കോടി ഡോളറിന്റെ ഓർഡറുകൾ റഫേലിനും പൂർത്തിയാക്കാനുണ്ട്.
വിദേശ വിപണിയിലെ സാന്നിധ്യം വർധിപ്പിക്കുന്നതിലൂടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് കമ്പനികളുടെ ലക്ഷ്യം. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

