ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ശൈലിക്കെതിരെയും കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനരീതിക്കെതിരെയും രൂക്ഷ വിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി രംഗത്ത്. രാഷ്ട്രീയം എന്നത് 24 മണിക്കൂറും 365 ദിവസവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട
ഒന്നാണെന്നും, ഇടയ്ക്കിടെ രാഷ്ട്രീയത്തിൽ നിന്ന് അപ്രത്യക്ഷനാകുന്ന രാഹുൽ ഗാന്ധിയുടെ പ്രവണത പാർട്ടിക്ക് തിരിച്ചടിയാണെന്നും അവർ അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിക്കവെയാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
2014-ന് ശേഷമുള്ള തിരിച്ചടികൾ
2014 മുതൽ കോൺഗ്രസിന്റെ പ്രധാന മുഖമായി തുടരുന്ന രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ശർമിഷ്ഠ മുഖർജി ചൂണ്ടിക്കാട്ടി. ഭാരത് ജോഡോ യാത്ര വഴി പാർട്ടിക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാനും 99 സീറ്റുകൾ നേടാനും സാധിച്ചുവെന്ന് സമ്മതിക്കുമ്പോഴും, തുടർച്ചയായ പ്രവർത്തനങ്ങളുടെ അഭാവം നേതൃത്വത്തിന്റെ പോരായ്മയാണെന്ന് അവർ വിലയിരുത്തുന്നു.
“ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തിൽ അദ്ദേഹം എവിടെയായിരുന്നു” എന്ന് ചോദിച്ച അവർ, ഇടയ്ക്കിടെയുള്ള രാഹുൽ ഗാന്ധിയുടെ അപ്രത്യക്ഷമാകൽ രാഷ്ട്രീയത്തിന് ചേർന്നതല്ലെന്നും വ്യക്തമാക്കി. രാഷ്ട്രീയ ശൈലിയും സംഘടനാ പ്രവർത്തനവും
“രാഷ്ട്രീയം എന്നത് 24 മണിക്കൂറും 365 ദിവസവുമുള്ള ഒരു ജോലിയാണ്.
നിങ്ങൾ വരുന്നു, രണ്ട് ദിവസത്തിന് ശേഷം പുറത്തുപോകുന്നു. നിങ്ങൾ ചില റാലികൾ നടത്തുന്നു, കുറച്ചു ആളുകളെ കാണുന്നു, പിന്നീട് നിങ്ങൾ പുറത്തുപോകുന്നു.
എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം ഇങ്ങനെയല്ല”- ശർമിഷ്ഠ മുഖർജി പറഞ്ഞു. സഖ്യങ്ങളെ മാത്രം ആശ്രയിച്ച് തെരഞ്ഞെടുപ്പുകളെ നേരിടുന്നത് ഗുണകരമല്ലെന്നും, കോൺഗ്രസ് പാർട്ടി സ്വന്തം കരുത്തിൽ സംഘടനയെ ശക്തിപ്പെടുത്താൻ മുൻകൈ എടുക്കണമെന്നും അവർ ഓർമ്മിപ്പിച്ചു.
നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ജനകീയ നേതാവാണെന്നും അദ്ദേഹത്തിന്റെ ജനപ്രീതി വോട്ടുകളിലൂടെ വ്യക്തമാണെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, രാഹുൽ ഗാന്ധിക്ക് തന്റെ ജനപ്രീതിയെ കോൺഗ്രസിന് അനുകൂലമായ ജനവിധിയാക്കി മാറ്റുന്നതിൽ പരാജയം സംഭവിക്കുന്നുണ്ടെന്നും, ഇത് രാഹുൽ ഗാന്ധിയുടെ പരാജയം തന്നെയാണെന്നും ശർമിഷ്ഠ മുഖർജി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

