കോതമംഗലം: മൂവാറ്റുപുഴയാറിൽ കാണാതായ നാലംഗ കുടുംബത്തിലെ അവസാനത്തെ അംഗത്തിന്റെയും മൃതദേഹം കണ്ടെടുത്തു. ഏഴ് വയസ്സുകാരിയായ ഹന്ന മോൾ ആണ് മരിച്ചത്.
ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഇതോടെ ഈ കുടുംബത്തിലെ നാലുപേരുടെയും മരണവാർത്ത സ്ഥിരീകരിച്ചു.
കുടുംബനാഥനായ നാരായണന്റെ മൃതദേഹം ഇന്നലെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നു. രണ്ട് ദിവസം മുൻപ് പിറവം പുഴയിൽ നിന്നും പായിപ്ര സ്വദേശിയായ വിജി, രണ്ട് വയസ്സുള്ള ഇളയ മകൻ എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു.
ചെറുവട്ടൂർ എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഹന്ന. കഴിഞ്ഞ ഒരാഴ്ചയായി കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല.
പിറവം എക്സൈസ് ഓഫീസിന് സമീപമുള്ള കടവിൽ നിന്നും കുടുംബം പുഴയിലേക്ക് ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനത്തിൽ പോലീസ് ഉറപ്പിക്കുന്നത്. ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയായിരുന്നു അന്ധയായ വിജിയും കൂലിപ്പണിക്കാരനായ നാരായണനും തമ്മിലുള്ള വിവാഹം നടന്നത്.
പിന്നീട് ബന്ധുക്കളിൽ നിന്നും അകന്നായിരുന്നു ഇവരുടെ താമസം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഈ കുടുംബം വീട്ടുവാടക നൽകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
ദാരിദ്ര്യം സഹിക്കാനാവാതെ കഴിഞ്ഞയാഴ്ച ഇവർ കോതമംഗലം പോലീസ് സ്റ്റേഷനിൽ എത്തി സഹായം അഭ്യർഥിച്ചിരുന്നു. ഇവരുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്ന് പണമെടുത്ത് വാടക വീട് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുകയും ചെയ്തിരുന്നു.
ഈ സഹായത്തിന് പിന്നാലെയാണ് നാടിനെ ഞെട്ടിച്ചുകൊണ്ട് കുടുംബം കൂട്ടആത്മഹത്യ ചെയ്തത്. പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

