സ്വകാര്യ ബസ് മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് വയനാട് ജില്ലയിൽ സ്വകാര്യ ബസ് ഉടമകളും തൊഴിലാളി യൂണിയനുകളും സംയുക്തമായി സമരരംഗത്തേക്ക്. ഇതിന്റെ ഭാഗമായി ജൂൺ 29 തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പണിമുടക്കിനോട് അനുബന്ധിച്ച് രാവിലെ 10 മണിക്ക് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർവീസുകൾ തുടരാൻ സാധിക്കാത്തതിനാൽ, അധികൃതർക്ക് ജിഫോം സമർപ്പിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സി.എ.ഐപ്പ്, ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ.വി.പൗലോസ് എന്നിവർ വ്യക്തമാക്കി.
നിലവിൽ ജില്ലയിൽ 400 ഓളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ 250 ലധികം ബസുകൾ ഇതിനകം തന്നെ ജിഫോം സമർപ്പിച്ചു കഴിഞ്ഞു.
ബാക്കിയുള്ള ബസുകളുടെ ഉടമകളും നാളെ അധികൃതർക്ക് ജിഫോം നൽകുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിക്കുശേഷം കെഎസ്ആർടിസി സർവീസുകൾ വർധിപ്പിച്ചത് സ്വകാര്യ ബസ് മേഖലയെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.
ബാധിക്കപ്പെട്ട പ്രധാന റൂട്ടുകൾ
താളൂർ–ബത്തേരി, ബത്തേരി–മാനന്തവാടി, കൽപറ്റ–മാനന്തവാടി, വടുവൻചാൽ–കൽപറ്റ, പടിഞ്ഞാറത്തറ–മാനന്തവാടി, നിരവിൽപുഴ, മാനന്തവാടി–ബാവലി, നമ്പ്യാർകുന്ന്–ബത്തേരി, പുൽപള്ളി–മാനന്തവാടി, ബത്തേരി–കൽപറ്റ–കോഴിക്കോട് തുടങ്ങി നിരവധി റൂട്ടുകളിൽ പ്രതിസന്ധി അതിരൂക്ഷമാണ്.
ഡീസൽ ചെലവും ജീവനക്കാരുടെ വേതനവും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ഉടമകൾ. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ജൂലൈ ഒന്നു മുതൽ ജില്ലയിൽ അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

