കാഞ്ഞിരപ്പള്ളി: കൊടുവന്താനം ടോപ്പിലെ 62-ാം നമ്പർ അങ്കണവാടിയുടെ തറയിലെ മാളത്തിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിൽ, പാമ്പിനെ പിടികൂടുന്നത് വരെ അങ്കണവാടിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ഏരിയ ലെവൽ മോണിറ്ററിങ് സപ്പോർട്ടിങ് കമ്മിറ്റി യോഗത്തിലാണ് സുരക്ഷാപരമായ ഈ തീരുമാനം കൈക്കൊണ്ടത്.
യോഗത്തിൽ സിഡിപിഒ ബിന്ദു റാണി, ഐസിഡിഎസ് ഓഫിസർ വിഷ്ണുപ്രിയ, പ്രദേശവാസികളായ ഷാജി കൊച്ചേടം, ഫസിലി കൊടുവന്താനം, സുശീലാമ്മ ദേവി എന്നിവർ പങ്കെടുത്തു. അങ്കണവാടി പരിസരം ഇന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കാടുവെട്ടിത്തെളിക്കും.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ പഞ്ചായത്തധികൃതരോട് ആവശ്യപ്പെടാനും തീരുമാനമായിട്ടുണ്ട്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ
കൊടുവന്താനം ടോപ്പിലെ അങ്കണവാടി കെട്ടിടം വളരെ പരിതാപകരമായ അവസ്ഥയിലാണ്.
കുന്നിൻ മുകളിലെ പഞ്ചായത്ത് റോഡിന് താഴെയായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ല. ഇടുങ്ങിയ രണ്ട് മുറികൾ മാത്രമുള്ള ഇവിടെ, കുട്ടികൾക്ക് കളിക്കാനോ സുരക്ഷിതമായി ഇരിക്കാനോ സ്ഥലമില്ലാത്ത സാഹചര്യമാണ്.
കൂടാതെ, അങ്കണവാടിക്ക് സമീപത്തുള്ള ജലസംഭരണി സ്ഥിതി ചെയ്യുന്ന ഭാഗവും പിൻവശത്തെ മുറ്റവും ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. കെട്ടിടത്തിന്റെ മേൽക്കൂരയിലെ സീലിംഗും ഇളകി തുടങ്ങിയിട്ടുണ്ട്.
സംഭവം ഇങ്ങനെ
കഴിഞ്ഞ വ്യാഴാഴ്ചയാണ് അങ്കണവാടി മുറ്റത്ത് മൂർഖൻ പാമ്പിനെ കണ്ടത്. “വ്യാഴാഴ്ചയാണ് അങ്കണവാടിയുടെ മുറ്റത്ത് വാതിലിന് നേരെ മൂർഖൻ പാമ്പ് നിൽക്കുന്നുവെന്ന് ജീവനക്കാർ അറിയിച്ചത്.
ജീവനക്കാരോട് വാതിൽ അടയ്ക്കാൻ പറഞ്ഞു. പാമ്പ് എങ്ങോട്ടാണ് പോകുന്നതെന്നു ശ്രദ്ധിച്ചു.
ഇഴഞ്ഞ് മുറ്റത്തിന്റെ ഒരുവശത്തേക്കു പോയ പാമ്പ് അവിടെയും പത്തിവിടർത്തി നിന്നപ്പോൾ ഫോണിൽ വിഡിയോ എടുത്തു. വാർഡംഗം സർപ്പ ടീമിനെ വിവരം അറിയിച്ചു.
ഇവരെത്തിയപ്പോഴേക്കും പാമ്പ് അങ്കണവാടിയുടെ വലതുവശത്തെ തറയിലെ പൊത്തിലേക്കു കയറി. പാമ്പു കയറിപ്പോയ ഭാഗത്ത് വലവിരിച്ചിട്ടെങ്കിലും വലയിൽ കുടുങ്ങിയില്ല.” – അങ്കണവാടി രക്ഷിതാവായ പി.ഐ.സുധീർ വാഴയ്ക്കത്തുണ്ടിയിൽ പറഞ്ഞു.
അങ്കണവാടിക്ക് സമീപത്തുള്ള വൈദ്യുതി ലൈനുകളിൽ പാമ്പുകളെ കാണുന്നത് പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സംഭവം നടക്കുന്നതിന് തലേദിവസം വൈകിട്ടും ഈ ഭാഗത്തെ ലൈനിൽ പാമ്പിനെ കണ്ടിരുന്നു.
എന്നാൽ, കെഎസ്ഇബിയെ വിവരം അറിയിച്ചിട്ടും കാടുവെട്ടി മാറ്റാൻ നടപടികൾ സ്വീകരിച്ചിട്ടില്ല. അങ്കണവാടിക്ക് മുന്നിലെ പഞ്ചായത്ത് റോഡിന്റെ ഇരുവശങ്ങളിലും കാടുനിറഞ്ഞ നിലയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

