പാകിസ്ഥാനിലെ കറാച്ചിയിൽ സ്ഥിതി ചെയ്യുന്ന സിന്ധ് റേഞ്ചേഴ്സ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം. ശനിയാഴ്ച രാത്രിയോടെയുണ്ടായ ആക്രമണത്തിലും തുടർന്നുണ്ടായ ഏറ്റുമുട്ടലിലും മൂന്ന് സൈനികരും മൂന്ന് അക്രമികളും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു.
ഗുലിസ്താന്-ഇ-ജൗഹറിലെ പ്രധാന റോഡിലാണ് സംഭവം നടന്നത്. പാക് കാലാവസ്ഥാ വകുപ്പിന്റെ ആസ്ഥാനവും പ്രധാന സർവ്വകലാശാലകളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണിത്.
ആസ്ഥാനത്തിന്റെ പ്രധാന കവാടത്തിന് മുന്നിൽ സ്ഫോടനം നടത്തിയ ശേഷം അക്രമികൾ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് പോലീസ് കമാൻഡോകളും റാപ്പിഡ് റെസ്പോൺസ് ഫോഴ്സും അർദ്ധസൈനിക വിഭാഗങ്ങളും സ്ഥലത്തെത്തി പ്രദേശം വളഞ്ഞു.
നിലവിൽ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിന്ധ് ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോ ആണ് മരണവിവരം സ്ഥിരീകരിച്ചത്.
ഭീകരസംഘടനയായ ജമാഅത്തുൽ-അഹ്റാർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

