തിരുവനന്തപുരം ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിയായ ആരതി (26) ആണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെ ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്.
ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുൽ ശ്രീകുമാറിന്റെ ക്രൂരമായ ശാരീരിക പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇവരുടെ വിവാഹം നടന്നിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ.
മരണത്തിന് തൊട്ടുമുമ്പ്, താൻ ശാരീരികമായി ഉപദ്രവിക്കപ്പെട്ട വിവരം കാണിച്ച് ആരതി തന്റെ അമ്മയ്ക്ക് വാട്സാപ്പിലൂടെ ചിത്രങ്ങൾ അയച്ചുനൽകിയിരുന്നു.
പോസ്റ്റ്മോർട്ടം പരിശോധനയിലും ദേഹപരിശോധനയിലും യുവതിയുടെ ശരീരത്തിൽ 13 മുറിപ്പാടുകൾ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ആരതിയുടെ മാതാവ് ജിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അതുൽ ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധനമായി ലഭിച്ച സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾക്കിടയിൽ പതിവായി തർക്കങ്ങൾ നടന്നിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഈ വിഷയത്തിൽ വ്യാഴാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. വെള്ളിയാഴ്ച മകളെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ജിനു വിവരം അറിയിച്ചതിനാലാണ് അതുൽ വീട്ടിലെത്തിയത്.
തുടർന്ന് വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് ആരതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

