കൊച്ചി: പഴയ ട്രാഫിക് നിയമനലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ എറണാകുളം എൻഫോഴ്സ്മെന്റ് ആർടി ഓഫീസ് ഇ-ചെലാൻ അദാലത്ത് തിരക്കിൽ മുങ്ങി. ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് രൂപയാണ് പിഴയിനത്തിൽ അടച്ചത്.
വാഹന നമ്പർ പരിശോധിക്കാൻ എത്തിയ പലർക്കും കാത്തിരുന്നത് ഞെട്ടലായിരുന്നു. ചിലർക്ക് 10 ചെലാൻ, ചിലർക്ക് 30, ഒരാൾക്ക് 60 വരെ നിയമ ലംഘനങ്ങൾ കണ്ടെത്തി.
സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യൽ, ട്രിപ്പിൾ റൈഡിങ് തുടങ്ങിയവയാണ് കൂടുതലും രേഖപ്പെടുത്തിയ നിയമ ലംഘനങ്ങൾ. മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് നടത്തുന്ന ‘അമ്നസ്റ്റി സ്കീം 2026’യുടെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
കളക്ടറേറ്റ് സമുച്ചയത്തിലുള്ള ഓഫീസിലേക്ക് തിങ്കളാഴ്ച രാവിലെ മുതൽ തന്നെ വാഹന ഉടമകൾ ഒഴുകിയെത്തി. മൊബൈലിൽ ലഭിച്ച പിഴ സന്ദേശങ്ങൾ അവഗണിച്ചവരാണ് കൂടുതലും ഇവിടെ എത്തിയത്.
വാദങ്ങൾ ഉന്നയിച്ചവർക്ക് മുന്നിൽ ഉദ്യോഗസ്ഥർ ഫോട്ടോ തെളിവുകൾ കാട്ടിയതോടെ പലരും പിഴ അടയ്ക്കാൻ തയ്യാറായി. പൂർണ തുക അടയ്ക്കേണ്ട
സ്ഥാനത്ത് പകുതി തുക കൊണ്ട് തീർപ്പാക്കാമെന്നത് വാഹന ഉടമകൾക്ക് വലിയ ആശ്വാസമായി. രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ നടന്ന അദാലത്തിൽ 332 ചെലാനുകൾ തീർപ്പാക്കി.
ഇതിലൂടെ 12.5 ലക്ഷം രൂപ പിഴയായി പിരിഞ്ഞതായി എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക് അറിയിച്ചു. ചിലർക്ക് 30 മുതൽ 60 വരെ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
കോടതിയിൽ എത്തിയ കേസുകൾക്കും പ്രത്യേക അനുമതിയോടെ അദാലത്തിലേക്ക് തിരിച്ച് വിളിച്ച് പിഴ അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു.
ഈ മാസം 30 വരെ തുടരുന്ന അദാലത്ത്, 2024 ഡിസംബർ 31 വരെ രേഖപ്പെടുത്തിയ പിഴകൾക്ക് ഇളവോടെ തീർപ്പാക്കാനുള്ള അവസരമാണ്. സമയം കഴിഞ്ഞാൽ പിഴ മുഴുവനായി അടയ്ക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഓൺലൈൻ വഴിയും പണമടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

