മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രവർത്തനങ്ങൾക്കും തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കുമെതിരെ ഉയർന്ന ആക്ഷേപങ്ങൾ ഗൗരവത്തോടെ പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ വിയോജിപ്പുകൾ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടു എന്നടക്കമുള്ള ആരോപണങ്ങളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഇതുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുന്ന വേളയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
“തങ്ങൾക്ക് എല്ലാം അറിയാമെന്നും എല്ലാം പരിശോധിക്കുമെന്നും” ചീഫ് ജസ്റ്റിസ് പരാമർശിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസുമാരായ ജോയ്മല്യ ബഗ്ചി, വി മോഹന എന്നിവർ അംഗങ്ങളുമായ ഡിവിഷൻ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിന്മേൽ മറുപടി സമർപ്പിക്കാൻ ഹർജിക്കാർക്ക് കോടതി പത്ത് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷന് അധിക സത്യവാങ്മൂലം നൽകുന്നതിനായി രണ്ടാഴ്ചത്തെ സാവകാശവും ബെഞ്ച് നൽകി.
കോടതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഇന്ത്യാ മുന്നണിക്കും വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ഹാജരായി. എസ്ഐആറുമായി ബന്ധപ്പെട്ട
നടപടികൾ ഏകകണ്ഠമായാണോ സ്വീകരിച്ചതെന്ന് വ്യക്തമാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഫയലുകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അദ്ദേഹം വാദത്തിനിടെ ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് വിഷയം സമഗ്രമായി പരിശോധിക്കുമെന്ന നിലപാട് സുപ്രീം കോടതി ആവർത്തിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഭരണപരമായ തീരുമാനങ്ങളെയും നടപടികളെയും ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളാണ് നിലവിൽ കോടതിയുടെ മുന്നിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

