ഡൽഹി: നാളെ ആരംഭിക്കാനിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് താൽക്കാലികമായി മാറ്റിവെച്ചു. ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത യൂണിയനാണ് സമരം നീട്ടിവെച്ചതായി ഔദ്യോഗികമായി അറിയിച്ചത്.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (IBA) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും (UFBU) തമ്മിൽ നടന്ന ചർച്ചയിൽ നിർണായക വിഷയങ്ങളിൽ ധാരണയായതിനെ തുടർന്നാണ് ഈ തീരുമാനം. എല്ലാ ശനിയാഴ്ചകളും പൊതുഅവധിയാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഇരുവിഭാഗത്തിന്റെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഉന്നതതല സമിതി രൂപീകരിക്കാൻ ചർച്ചയിൽ ധാരണയായിട്ടുണ്ട്.
ഇടപാടുകാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ, എല്ലാവർക്കും സ്വീകാര്യമായ സമഗ്രമായ പരിഹാരം കണ്ടെത്താനാണ് ഈ സമിതി ലക്ഷ്യമിടുന്നത്. കൂടാതെ, സ്കെയിൽ 4-ഉം അതിനുമുകളിലുമുള്ള ഓഫീസർമാരുടെ പിഎൽഐ പദ്ധതി പരിഷ്കരിക്കുന്നതിന് സർക്കാരിന് ഔദ്യോഗികമായി ശിപാർശ ചെയ്യാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ (UFBU) നേതൃത്വത്തിലാണ് പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി ചുരുക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് (NPS) ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
തുടർന്ന് ഇന്നലെ രാവിലെ 9.30-ന് നടത്തിയ ചർച്ചയിലാണ് സമവായമുണ്ടായത്. മൂന്ന് ദിവസത്തെ സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

