സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന മകന്റെ മോചനം ഉടൻ ഉണ്ടാകുമെന്ന സന്തോഷവാർത്ത അറിഞ്ഞതിന് പിന്നാലെ പിതാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. എറണാകുളം ജില്ലയിലെ പറവൂർ വെടിമറത്തോപ്പിൽ ടി.എ.
മുഹമ്മദ് (75) ആണ് മരിച്ചത്. മുഹമ്മദിന്റെ മകൻ ഷിജുമോൻ കഴിഞ്ഞ നാലുമാസത്തോളമായി സൗദി അറേബ്യയിലെ ജയിലിലാണ്.
സൗദിയിൽ ഒരു ടാക്സി കമ്പനിയുടെ വാടകയ്ക്കെടുത്ത കാറിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഷിജുമോൻ. എന്നാൽ കാറിന് ഓട്ടം കുറഞ്ഞതിനെ തുടർന്ന് വാടക കുടിശ്ശികയായി മാറുകയായിരുന്നു.
തുടർന്ന് വാടക നൽകാനാകാതെ കാർ കമ്പനിക്ക് തിരികെ നൽകി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ കമ്പനി ഷിജുമോനെതിരെ പരാതി നൽകുകയായിരുന്നു. വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്ത ഷിജുമോനെ അധികൃതർ ജയിലിലടയ്ക്കുകയാണുണ്ടായത്.
ഈ വിവരം നാട്ടിലറിഞ്ഞതിനെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകരും ഗ്ലോബൽ കെഎംസിസി ഭാരവാഹികളും വിഷയത്തിൽ ഇടപെടുകയും മോചനത്തിനായുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി മൂന്നേകാൽ ലക്ഷം രൂപ സമാഹരിച്ച് സൗദി കോടതിയിൽ അടയ്ക്കുകയും ചെയ്തിരുന്നു.
വരുന്ന ഒക്ടോബറിൽ ഷിജുമോന്റെ മോചനം സാധ്യമാകുമെന്ന സന്തോഷവാർത്ത ലീഗ് ഭാരവാഹികൾ കഴിഞ്ഞ വെള്ളിയാഴ്ച നേരിട്ട് മുഹമ്മദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. എന്നാൽ ഈ ആശ്വാസ വാർത്ത അറിഞ്ഞ് മണിക്കൂറുകൾക്കകം, അന്ന് രാത്രി ഒൻപതരയോടെ മുഹമ്മദിന് തീവ്രമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തടവറയിലുള്ള മകന്റെ മോചനം നേരിൽ കാണാനാകുമെന്ന വലിയ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിൽ കഴിയുന്നതിനിടയാണ് ഈ ദാരുണ വിയോഗം.
മരണപ്പെട്ട മുഹമ്മദിന്റെ ഭാര്യ മൈമൂനയും മകൾ ഷമിതയുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

