മുംബൈയിലെ ജൂഹുവിൽ വച്ചാണ് ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. കാറിന് നേരെ വെടിവെയ്പ്പ് ഉണ്ടായ സംഭവത്തിൽ നടൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
അപകടത്തിന് പിന്നാലെ സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച ശബ്ദസന്ദേശത്തിലൂടെയാണ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ തലവനും ലോറൻസ് ബിഷ്ണോയ് സംഘാംഗവുമായ അനിൽ പണ്ഡിറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. താനും കൂട്ടാളി ഹർമാൻ സന്ധുവുമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് സന്ദേശത്തിൽ വ്യക്തമാക്കിയ ഇയാൾ, ബോളിവുഡ് സിനിമാ ലോകത്തിനും നടൻ സൽമാൻ ഖാനും കടുത്ത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ലോറൻസ് ബിഷ്ണോയിയോടും ബിഷ്ണോയ് സമുദായത്തോടും നടൻ സൽമാൻ ഖാൻ നിരുപാധികം മാപ്പ് പറയണമെന്നാണ് സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. ലോറൻസ് ബിഷ്ണോയിയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി സൽമാൻ ഖാനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സിനിമാമേഖലയിലുള്ള ആരെയും വധിക്കുമെന്നും, ഇതാണ് തങ്ങളുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പെന്നും അനിൽ പണ്ഡിറ്റ് ഭീഷണി മുഴക്കിയിട്ടുണ്ട്.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ അനിൽ പണ്ഡിറ്റ് 2024-ലാണ് ‘ഡങ്കി’ വഴി നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടന്നതെന്നും, തുടർന്ന് ബിഷ്ണോയ് ഗാംഗിൽ ചേരുകയായിരുന്നു എന്നുമാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. നിലവിൽ അമേരിക്കയിൽ നിന്ന് പ്രവർത്തിക്കുന്ന ഹരി ചന്ദ് ജാട്ട് എന്നയാളുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ പ്രവർത്തിക്കുന്നത്.
ഇതിനുമുമ്പും ബോളിവുഡ് ലോകത്തെ പ്രമുഖർക്കും സംഗീതജ്ഞർക്കും നേരെ ബിഷ്ണോയ് സംഘത്തിൽ നിന്ന് സമാനമായ രീതിയിൽ ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

