ദില്ലി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ ഇന്ത്യാക്കാരെ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും കേന്ദ്ര സർക്കാർ നടത്തണമെന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു. മിന്നൽ പ്രളയത്തിലുണ്ടായ മരണം വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും തൻ്റെ ഹൃദയത്തിൽ നിന്നുള്ള അനുശോചനം അറിയിക്കുന്നുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി വ്യക്തമാക്കി.
നേപ്പാളിൽ നിന്ന് വരുന്ന വാർത്തകൾ ഹൃദയഭേദകമാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെയാണ് ഈ ദുരന്തത്തിൽ കാണാതായിട്ടുള്ളത്.
മരിച്ചവരുടെ കുടുംബങ്ങളെ തൻ്റെ ഹൃദയത്തിൽ നിന്നുള്ള അനുശോചനം അറിയിക്കുന്നതായി അവർ പറഞ്ഞു. കാണാതായ ഇന്ത്യക്കാരെ കണ്ടെത്താനും സുരക്ഷിതമായി തിരിച്ചെത്തിക്കാനും നേപ്പാൾ അധികൃതരുമായി ചേർന്ന് സാധ്യമായതെല്ലാം ചെയ്യണമെന്ന് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രിയങ്ക ഗാന്ധി, നൂറിലധികം ഇന്ത്യക്കാർ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരെ കാണാതായെന്ന റിപ്പോർട്ടുകൾ അതീവ ദുഃഖകരമാണെന്നും എല്ലാവരും സുരക്ഷിതരായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. കാണാതായവരെ കണ്ടെത്താൻ അടിയന്തരമായി തെരച്ചിൽ നടത്തണമെന്നും, നേപ്പാളിലെ ജനങ്ങൾക്ക് സാധ്യമായ എല്ലാ മാനുഷിക സഹായവും നൽകണമെന്നും അവർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിക്കുകയും പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഈ ദുഷ്കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിലെ സഹോദരീസഹോദരന്മാർക്കൊപ്പം നിലകൊള്ളുമെന്നും അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാൾ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും അടിയന്തര സഹായത്തിനായി പ്രത്യേക കോൺടാക്റ്റ് നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും നേപ്പാളിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രാഥമിക വിവരങ്ങൾ പ്രകാരം 291 വിദേശികളും 93 നേപ്പാൾ സ്വദേശികളുമടക്കം 384 യാത്രക്കാരെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു.
ഇതിൽ ഏകദേശം 105 പേർ ഇന്ത്യാക്കാരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

