സംസ്ഥാനത്ത് ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഓഗസ്റ്റ് 10-ന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഉത്രാടം ദിനമായ ഓഗസ്റ്റ് 25-നകം തന്നെ കിറ്റ് വിതരണം പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.
2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ആകെ 6,09,305 കിറ്റുകളാണ് വിതരണം ചെയ്യാനായി ആവശ്യമായി വരുന്നത്. തുണിസഞ്ചി ഉൾപ്പെടെ 16 പ്രധാന ഇനങ്ങൾ അടങ്ങിയിരിക്കുന്ന ഒരു കിറ്റിന് ഏകദേശം 854 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതിനായി സംസ്ഥാന സർക്കാർ 53 കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ടെന്നും സിവിൽ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും നേതൃത്വത്തിലുള്ള ഓണക്കാലത്തെ മുൻകരുതലുകൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വിപണിയിലേക്ക് ആകെ 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും എത്തിക്കും.
ഇതോടൊപ്പം ഓണം പ്രമാണിച്ച് മുൻഗണനേതര വിഭാഗങ്ങൾക്കായുള്ള പ്രത്യേക അരി വിതരണവും അടുത്ത മാസം മുതൽ ആരംഭിക്കും. ഇതിലൂടെ നീല കാർഡ് ഉടമകൾക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്കും ലഭ്യമാക്കും.
വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി സപ്ലൈകോ ഈ വർഷം സംസ്ഥാനത്ത് 3 ജില്ലകളിൽ ഓണം മെഗാ ട്രേഡ് ഫെയറുകളും, 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകളും, 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഓഗസ്റ്റ് 8 മുതൽ 25 വരെയാണ് ഓണം മെഗാ ട്രേഡ് ഫെയറുകൾ നടക്കുക.
മറ്റു 11 ജില്ലകളിലെ ഓണം ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 16 മുതൽ 25 വരെയായിരിക്കും. സംസ്ഥാനത്ത് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വകുപ്പിനായി ആകെ 448.05 കോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ, പുതിയ റേഷൻ കാർഡുകൾക്കായി ലഭിച്ച 76,338 ഓൺലൈൻ അപേക്ഷകളിൽ 73,024 അപേക്ഷകൾ അംഗീകരിച്ച് മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചിട്ടുണ്ട്. ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ:
പഞ്ചാസാര – 1 കിലോ, വെളിച്ചെണ്ണ – 1 ലീറ്റർ, തുവരപ്പരിപ്പ് – 250 ഗ്രാം, ചെറുപയർ പരിപ്പ് – 250 ഗ്രാം, വൻപയർ – 250 ഗ്രാം, കടല – 500 ഗ്രാം, നെയ്യ് – 100 മില്ലി ലീറ്റർ, ശബരി പായസക്കൂട്ട് – 40 ഗ്രാം, ശബരി ഗോൾഡ് ചായപ്പൊടി – 250 ഗ്രാം, ശബരി പായസം മിക്സ് – 200 ഗ്രാം, ശബരി സാമ്പാർ പൊടി – 100 ഗ്രാം, ശബരി മുളകുപൊടി – 100 ഗ്രാം, ശബരി മഞ്ഞൾ പൊടി – 100 ഗ്രാം, ശബരി മല്ലി പൊടി – 100 ഗ്രാം, ശബരി ഉപ്പു പൊടി – 1 കിലോ, തുണിസഞ്ചി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

