കാഞ്ഞിരപ്പള്ളി ബൈപാസ് പദ്ധതിയുടെ ഭാഗമായുള്ള മേൽപാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഔദ്യോഗികമായി പുനഃരാരംഭിച്ചു. പില്ലർ നിർമാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സാങ്കേതിക തടസ്സങ്ങൾ പൂർണ്ണമായും പരിഹരിച്ചാണ് കോൺക്രീറ്റിങ് ജോലികൾ വീണ്ടും ആരംഭിച്ചിരിക്കുന്നതെന്ന് റോണി കെ.ബേബി എംഎൽഎ അറിയിച്ചു.
മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും മീതെ നിർമിക്കുന്ന മേൽപാലത്തിന്റെ പില്ലറുകളുടെ കോൺക്രീറ്റിങ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ രണ്ടാഴ്ചയോളമായി പില്ലർ നിർമാണം സ്തംഭനാവസ്ഥയിലായിരുന്നു.
തുടക്കത്തിൽ തയാറാക്കിയ രൂപരേഖ പ്രകാരം പാലത്തിന്റെ നിർണായക തൂണുകളിൽ ഒന്നായ പി വൺ പില്ലറിന് 2.3 മീറ്റർ ഉയരമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഉദ്ദേശിച്ച അളവിൽ അടിത്തറയിൽ പാറ കണ്ടെത്താൻ സാധിക്കാതെ വന്നതും, ലഭ്യമായ പാറയ്ക്ക് ചരിവുണ്ടായിരുന്നതും കാരണം പില്ലറിന്റെ ഉയരം 3.5 മീറ്ററായി ഉയർത്തി പുനർനിശ്ചയിക്കേണ്ടി വന്നു.
ഈ മാറ്റത്തിനനുസൃതമായി പാലത്തിന്റെ ഡിസൈനിൽ വരുത്തിയ ഭേദഗതിക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഔദ്യോഗിക അംഗീകാരം അത്യാവശ്യമായിരുന്നു. തുടർന്ന് രൂപരേഖ ആദ്യം ഹിമാചൽ പ്രദേശിലെ മാൻഡി ഐഐടിയിലും പിന്നീട് ചെന്നൈ ഐഐടിയിലും സമർപ്പിച്ച് വിദഗ്ധ അഭിപ്രായം തേടുകയും, ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പുതുക്കിയ രൂപരേഖയ്ക്ക് അംഗീകാരം നേടിയെടുക്കുകയും ചെയ്തു.
അംഗീകാരം ലഭിച്ച പുതുക്കിയ രൂപരേഖ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന് സമർപ്പിച്ചു. അവിടെനിന്നും ആവശ്യമായ നിർദേശങ്ങൾ സ്വീകരിച്ചശേഷം റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ അന്തിമ അനുമതിയും ലഭ്യമായി.
ഇതോടുകൂടിയാണ് നിർമാണ ജോലികൾ വീണ്ടും ദ്രുതഗതിയിൽ ആരംഭിച്ചത്. അതോടൊപ്പം, ബൈപാസ് നിർമാണ പുരോഗതി വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയുടെ ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ് ഹൗസിൽ ചേരുമെന്നും റോണി കെ ബേബി എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

